കാസർകോട്: അപര സ്ഥാനാർഥിക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാൻ കോഴകൊടുത്തെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതിയായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ബദിയടുക്ക പോലീസ് ഇന്നലെയാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 171(ബി) പ്രകാരമുള്ള കേസ് ആയിരുന്നു സുരേന്ദ്രന് എതിരെ ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. പിന്നാലെ രാത്രിയോടെ മറ്റു വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചേർത്തത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർഥി കെ. സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിലാണ് സുരേന്ദ്രന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നാണ് കേസ്.
content highlights:crime branch to enquire manjeswar bribery case against k surendran