ന്യൂഡൽഹി
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിൽ 1,00,636 രോഗികള്‍, മരണം 2427. ആകെ രോഗികൾ 2.90 കോടി, മരണം മൂന്നര ലക്ഷം കടന്നു.
ചികിൽസയിലുള്ളവരിൽ 24 മണിക്കൂറിൽ 76,190ന്റെ കുറവുണ്ടായി. 1.74 ലക്ഷം പേർകൂടി രോഗമുക്തരായി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 6.21 ശതമാനവും പ്രതിദിന നിരക്ക് 6.34 ശതമാനവുമാണ്. മഹാരാഷ്ട്രയിലാണ് കൂടുതൽ പ്രതിദിന മരണം–- 618. തമിഴ്നാട്ടിൽ 434, കർണാടകത്തിൽ 320, ബംഗാളിൽ 107 മരണം.
മുംബൈയിൽ
2 മാസത്തിനുശേഷം റസ്റ്റോറന്റും
ജിമ്മും തുറന്നു
രണ്ട് മാസത്തിശേഷം മുംബൈയിൽ അടച്ചിടൽ നിയന്ത്രണങ്ങൾക്ക് ഇളവ്. റസ്റ്റോറന്റ്, ജിം, സലൂൺ, മറ്റ് കടകൾ, പൊതു കളിസ്ഥലം തുടങ്ങിയവ തിങ്കളാഴ്ച തുറന്നു. അഞ്ചുഘട്ട അൺലോക് പദ്ധതിയിലെ മൂന്നാംഘട്ടമാണിത്. രോഗസ്ഥിരീകരണ നിരക്ക് അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങൾക്കാണ് ഇളവ് ബാധകം. നഗര കോർപറേഷനുകീഴിലെ പൊതുഗതാഗത ബസുകൾ സർവീസ് നടത്തും. ലോക്കൽ ട്രെയിനിൽ ആരോഗ്യ, അവശ്യ സേവന മേഖലയിൽ ഉള്ളവർക്കുമാത്രം യാത്രചെയ്യാം. മാളുകളും മൾട്ടിപ്ലക്സുകളും പ്രവർത്തിക്കില്ല.
ആന്ധ്ര അടച്ചിടൽ 20വരെ
ആന്ധ്രപ്രദേശിൽ അടച്ചിടൽ പത്തുദിവസംകൂടി നീട്ടി. മെയ് അഞ്ചിന് പ്രഖ്യാപിച്ച അടച്ചിടൽ 10ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.
20വരെ കർഫ്യൂ രണ്ടു മണിക്കൂർ കുറച്ച് പകൽ രണ്ടുമുതൽ പുലർച്ചെ ആറുവരെയാക്കി. സർക്കാർ ഓഫീസുകൾ പകൽ എട്ടു മുതൽ രണ്ടുവരെ പ്രവർത്തിക്കും.