ന്യൂഡൽഹി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പുരിലെ ഗൊരഖ്നാഥ് ക്ഷേത്രപരിസരത്ത് താമസിക്കുന്ന മുസ്ലിംകുടുംബങ്ങളെ ബലമായി കുടിയൊഴിപ്പിക്കാൻ സർക്കാർ ശ്രമം. ഇതിൽ പ്രതിഷേധിക്കുന്നവരുടെ പേരിൽ ദേശസുരക്ഷാനിയമപ്രകാരം കേസെടുക്കുമെന്നും ഭീഷണി. ക്ഷേത്രസുരക്ഷയ്ക്കായി വിന്യസിക്കുന്ന പൊലീസുകാർക്ക് തങ്ങാൻ ഇടം ഒരുക്കാനെന്ന പേരിലാണ് കുടിയൊഴിപ്പിക്കൽ. എന്നാൽ, ക്ഷേത്രം സ്ഥിതിചെയ്യുന്ന 52 ഏക്കറിനുള്ളിൽ പൊലീസ് ക്യാമ്പുകൾ സ്ഥാപിക്കാൻ സ്ഥലമുണ്ടെന്ന് പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടി. ആദിത്യനാഥാണ് ഗൊരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ.
സ്ഥലം ഒഴിഞ്ഞുപോകാമെന്ന് നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും 11 കുടുംബത്തിൽനിന്ന് ഉദ്യോഗസ്ഥർ ‘സമ്മതപത്രം’ എഴുതിവാങ്ങിയെന്ന് പരാതി ഉയർന്നു. ഇതിനു നേതൃത്വം നൽകിയ ജില്ലാ മജിസ്ട്രേട്ടിനെ സസ്പെൻഡ് ചെയ്ത് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് ഷാനവാസ് അലം ആവശ്യപ്പെട്ടു.