ചുവന്ന രാത്രി
രാത്രിയുടെ കടലിൽ
മുങ്ങിപ്പോകുമെന്നുറപ്പുള്ള ഒരു ചുണ്ട്,
ലോകത്തെയാകെ പാനം ചെയ്ത്
വിടർന്ന് പോയത്.
വഴി തെറ്റി വന്ന ഒരു നാവികൻ
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന
ചുണ്ട് കണ്ട്
പേടിക്കുന്നു.
കപ്പലിൻ്റെ ദിശ എത്ര മാറ്റിയിട്ടും
ചുണ്ടിലേക്ക് നീളുന്നു.
കരയിൽ നിൽക്കുന്ന
അവസാനത്തെ സഞ്ചാരി
വെള്ളത്തിൻ്റെ ആത്മാവ്
ഉയർന്ന് മിടിക്കുന്നതിലേക്ക്
കണ്ണുകൾ കോർത്ത്
ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്യുന്നു.
ചന്ദ്രതാരാദികൾ ആകാശം വിട്ട്
നിലാവ് വിട്ട്
ഉറങ്ങും ജന്തുക്കളെ വിട്ട്
അന്തരീക്ഷത്തിൻ്റെ സുഷിരങ്ങളിലൂടൂർന്ന്
ചുണ്ടിൻ്റെ മിനുത്ത തൊലിയിൽ
തിളങ്ങി നിന്നു.
ഒരു കടൽ മുഴുക്കെ ഭൂമി, ആകാശം
എല്ലാം ചേരുന്ന ഒരൊറ്റ അവയവം.
The post ചുണ്ട് – രഗില സജി എഴുതിയ കവിത appeared first on Indian Express Malayalam.