കൊച്ചി> കൊച്ചിയില് അതിക്രൂരമായ പീഡനത്തിനിരയായ യുവതി പരാതി നല്കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്ട്രല് പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷന് അപലപിച്ചു. സിഐയെ ഫോണില് വിളിച്ച് താക്കീത് നല്കിയ കമ്മിഷന് ചെയര്പേഴ്സണ് എംസി ജോസഫൈന് പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന് വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്ദേശിച്ചു.
തെരഞ്ഞെടുപ്പ് കാലഘട്ടത്തില് താല്ക്കാലികമായി സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര് തുടരന്വേഷണത്തിന് കോടതി കയറിയിറങ്ങേണ്ടിവരും എന്ന കാരണത്താല് ഇത്തരത്തില് പ്രമാദമായ കേസുകളില് ശ്രദ്ധകൊടുത്തിരുന്നില്ല എന്ന ആക്ഷേപം കമ്മിഷന്റെ ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കാര്യത്തില് പ്രതിക്കെതിരായ നടപടിയില് ഒരു അമാന്തവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് വനിതാ കമ്മിഷന്റെ അഭിപ്രായം. 376 -ാം വകുപ്പ് പ്രകാരം ബലാല്സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന് വൈകുന്നത്, ലോക്ക്ഡൗണ് കാലയളവില് സ്ത്രീസമൂഹത്തിനിടയില് അരക്ഷിതബോധം സൃഷ്ടിക്കാനിടവരും.
ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാന് പാടില്ലെന്ന് കമ്മിഷന് പറഞ്ഞു