ഫിലിപൈൻസിന്റെ തലസ്ഥാനമായ മനിലയിൽ താമസിക്കുന്ന ആലിഖ് പെരെസ് തന്റെ മകന് ഏറെ ഇഷ്ടപെട്ട ‘ചിക്കൻജോയ്’ മീൽ ആണ് ജോല്ലിബീ ഔട്ലെറ്റിൽ നിന്നും ഓർഡർ ചെയ്തത്. ഫ്രഞ്ച് ഫ്രെയ്‌സും, രണ്ട് തരം സോസുകളും, ബണ്ണും ചേർന്ന മീലിലെ മെയിൻ കക്ഷി ഫ്രൈഡ് ചിക്കൻ തന്നെ. വീട്ടിലെത്തിയ ബോക്‌സ് തുറന്ന് ഫ്രൈഡ് ചിക്കൻ കത്തികൊണ്ട് മുറിക്കാൻ നോക്കിയിട്ട് നടന്നില്ല. ഒടുവിൽ രണ്ട് കൈകൊണ്ടും പൊളിക്കാൻ നോക്കിയപ്പോൾ അകത്ത് കാണുന്നത് ഇളം നീല നിറം. അത്ഭുതം തോന്നി പരിശോധിച്ചപ്പോൾ എന്തെന്നോ? ടർക്കി ടവൽ ആണ് ‘പൊരിച്ചു’ വച്ചിരിക്കുന്നത്.
ഞങ്ങൾ ജോല്ലിബീ ഔട്ലെറ്റിൽ നിന്നും ചിക്കൻജോയ് മീൽ ഓർഡർ ചെയ്തു. എന്റെ മകന് ചിക്കൻ വളരെ ഇഷ്ടമാണ്. അവനു കടിക്കാൻ പ്രയാസമുള്ളതുകൊണ്ട് ഞാൻ ചിക്കൻ കത്തികൊണ്ട് മുറിക്കാൻ ശ്രമിച്ചു. മുറിയാതെ വന്നതോടെ ഞാൻ ഇത് കൈകൊണ്ട് പൊളിക്കാൻ ശ്രമിച്ചു. പിന്നെ കണ്ടത് വറുത്ത തൂവാല,” ആലിഖ് പെരെസ് ഫേസ്ബുക്കിൽ കുറിച്ചു. “ഇത് ശരിക്കും അസ്വസ്ഥതയുളവാക്കുന്നതാണ്. എങ്ങനെയാണ് ടവൽ വറുത്തെടുക്കാൻ സാധിക്കുക?” പെരെസ് കൂട്ടിച്ചേർത്തു.
തനിക്ക് കിട്ടിയ മീലിന്റെ വീഡിയോ പെരെസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 2.6 ദശലക്ഷത്തിലധികം ആൾക്കാരാണ് വീഡിയോ കണ്ടത്. അവിടെ തുടക്കാൻ ഇട്ട തുണിയിക്കും മാവിൽ വീണതും അത് പിന്നെ പൊരിച്ചെടുത്തതും എന്നാണ് ഒരാളുടെ കമന്റ്. “ഇത് ഓക്കാനം വരുത്തുന്നു. അന്ന് ചിക്കൻ ഓർഡർ ചെയ്തവരുടെ കാര്യം കഷ്ടം” എന്നാണ് മറ്റൊരാളുടെ കമന്റ്.
മെട്രോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച് വീഡിയോ വൈറലായതോടെ അധികൃതർ ഇടപെടുകയും ജോല്ലിബീ ഫുഡ്സ് കമ്പനിയുടെ ഈ ഔട്ലെറ്റ് അടച്ചുപൂട്ടുകയും ചെയ്തു. സംഭവത്തെപ്പറ്റി കേസെടുത്തിട്ടുമുണ്ട്.