കാസർകോട്: നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കെ. സുന്ദരയുടെ മൊഴിയുടെ പശ്ചാത്തലത്തിൽബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകി. മഞ്ചേശ്വരത്ത് ഇടത്സ്ഥാനാർഥിയായിരുന്നവി.വി. രമേശൻ നൽകിയ ഹർജിയിലാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവ്.
നിയമ നടപടികളുമായി മുന്നോട്ടുപോവാമെന്ന് കോടതി വ്യക്തമാക്കി. ഐപിസി 171 ബി പ്രകാരം കേസെടുക്കാനുള്ള നടപടികൾ തുടരാം. തിരഞ്ഞെടുപ്പ് അട്ടിമറിക്കൽ, കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളിലും നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.വാറണ്ട് ഇല്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കെ. സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ വി.വി. രമേശൻ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ബദിയടുക്ക പോലീസ് പ്രാഥമികാന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ കേസെടുക്കണമെങ്കിൽ കോടതി അനുമതി വേണമെന്ന സാങ്കേതിക കാരണത്തെ തുടർന്നാണ് വി.വി. രമേശൻ കോടതിയെ സമീപിച്ചത്.