കൊച്ചി
ദ്വീപുനിവാസികളല്ലാത്തവർ മടങ്ങണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പൊലീസ് നടപ്പാക്കാനാരംഭിച്ചു. കേരളത്തിൽനിന്ന് എത്തിയ തൊഴിലാളികൾ അടക്കമുള്ളവർ മടങ്ങിത്തുടങ്ങി.
സന്ദർശക പാസിന്റെ കാലാവധി കഴിഞ്ഞവർ ഉടൻ മടങ്ങണമെന്ന് മെയ് 29ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഉത്തരവിറക്കിയിരുന്നു. പാസിന്റെ കാലാവധി പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിന്റെ അനുമതി വാങ്ങണമെന്നും അറിയിച്ചിരുന്നു. കോവിഡ് കേസ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ദ്വീപിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം. നടപടിക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഉത്തരവ് നടപ്പാക്കിയതോടെ പലരും മടങ്ങുകയാണ്.
ലക്ഷദ്വീപിൽ ഇന്ന് ഉപവാസ സമരം
അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപുനിവാസികൾ ഒന്നടങ്കം തിങ്കളാഴ്ച നിരാഹാരസമരം അനുഷ്ഠിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലാണ് 12 മണിക്കൂർ ഉപവാസം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സമരത്തിന്, ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർടികളുടെയും പിന്തുണയുണ്ട്.
മംഗളൂരുവിൽനിന്ന്
അവശ്യസാധന നീക്കം തുടങ്ങി
കേരളവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തുന്ന പരിഷ്കാരത്തിന്റെ ഭാഗമായി അവശ്യസാധനങ്ങളുമായി മംഗളൂരുവിൽനിന്ന് ആദ്യ ബാർജ് ലക്ഷദ്വീപിലെത്തി. ദ്വീപ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ബാർജാണെത്തിയത്. ആദ്യമായാണ് അവശ്യസാധനങ്ങൾക്കായി മംഗളൂരുവിനെ ലക്ഷദ്വീപ് ആശ്രയിക്കുന്നത്.
പലചരക്ക് ഉൾപ്പെടെയുള്ളവക്കായി ദ്വീപുകാർ കൂടുതൽ ആശ്രയിച്ചിരുന്നത് ബേപ്പൂർ തുറമുഖത്തെയാണ്. കൊച്ചിയിൽനിന്നും ബാർജ് എത്താറുണ്ട്. ബേപ്പൂരിനെ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ലക്ഷദ്വീപിന്റെ വടക്കെ അറ്റത്തുള്ള കടമത്ത്, കിൽത്താൻ, ചെത്ലത്ത് ദ്വീപുകളിലേക്കുള്ള അവശ്യസാധനങ്ങളാണ് എത്തിച്ചത്. മംഗളൂരുവിലേക്ക് യാത്രാക്കപ്പൽ സർവീസും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. കൊച്ചിയെയും കോഴിക്കോടിനെയും ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.