ജെറുസലേം
അധിനിവേശ കിഴക്കന് ജെറുസലേമിലെ ഷേയ്ക്ക് ജരക്ക് സമീപം നടന്ന പ്രകടനം റിപ്പോര്ട്ട് ചെയ്യുന്നതിനിടെ അല്ജസീറയുടെ മാധ്യമപ്രവര്ത്തകയെ അറസ്റ്റ് ചെയ്ത് ഇസ്രയേല് അതിര്ത്തി പൊലീസ്. അല്ജസീറയുടെ ജെറുസലേം റിപ്പോര്ട്ടറായ ഗീവാര ബുധൈരിയാണ് അറസ്റ്റിലായത്.
മണിക്കൂറുകള് തടഞ്ഞു വച്ചശേഷം ബുധൈരിയെ രാത്രിയോടെ പൊലീസ് വിട്ടയച്ചു. അറസ്റ്റിലായ ഇവരെ പൊലീസ് ഉപദ്രവിച്ചതായും ചാനലിന്റെ ക്യാമറ ഉള്പ്പെടെയുള്ള ഉപകരണങ്ങള് നശിപ്പിച്ചതായും അല്ജസീറ റിപ്പോര്ട്ട് ചെയ്തു. പൊലീസിന്റെ ആക്രമണത്തില് കൈയ്ക്ക് പൊട്ടലേറ്റ ബുധൈരിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
വനിതാ സമരനേതാവും പിടിയില്
റിപ്പോര്ട്ടറെ അറസ്റ്റുചെയ്തതിനു പിന്നാലെ പലസ്തീന് വനിതാ സമരനേതാവ് മുനാ അല് കുര്ദിനെ അറസ്റ്റുചെയ്ത് ഇസ്രയേല് പൊലീസ്. അധിനിവേശ കിഴക്കന് ജറുസലേമിലെ ഷെയ്ക്ക് ജറായില് പലസ്തീന് പൗരരെ വീടുകളില്നിന്ന് പുറത്താക്കുന്നതിനെതിരായ സമരത്തിന്റെ മുന്നിരയില് ഉണ്ടായിരുന്ന ഇരുപത്തിമൂന്നുകാരിയായ മുനാ അല് കുര്ദിനെ വീട്ടില് റെയ്ഡ് നടത്തിയാണ് അറസ്റ്റുചെയ്തത്. വീട്ടിൽ ഇല്ലായിരുന്ന ഇവരുടെ ഇരട്ടസഹോദരനോട് സ്റ്റേഷനില് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.