കാസർകോട്: സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പണം നൽകിയെന്നവെളിപ്പെടുത്തലിൽ കെ. സുന്ദരയുടെ മൊഴിയെടുക്കുന്നു. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ജില്ലാപോലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.സുന്ദരയെ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക പോലീസ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. ഇതിന് ശേഷമാകും തുടർനടപടികൾ ഉണ്ടാകുക.
നേരത്തെ, കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി. സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സമർപ്പിച്ച പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ പണം നൽകി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. 171-ഇ, 171-ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.വി. രമേശൻ കാസർകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബി.ജെ.പി. പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത്സരരംഗത്തുനിന്ന് പിന്മാറാൻ സ്ഥാനാർഥിക്ക് പണം നൽകിയത് രാഷ്ട്രീയ മൂല്യച്യുതിയാണ് കാണിക്കുന്നതെന്ന് വി.വി. രമേശൻ മാതൃഭൂമി ഡോട്ട് കോമിനോടു പ്രതികരിച്ചു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാനുള്ള സുരേന്ദ്രന്റെ നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്നും തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി.വി. രമേശൻ പറഞ്ഞു.
ബദിയടുക്ക പോലീസും കാസർകോട് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്രിക പിൻവലിക്കുന്നതിന് രണ്ടരലക്ഷം രൂപ ബി.ജെ.പി. നേതാക്കന്മാർ നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. സുരേന്ദ്രൻ ഇക്കാര്യത്തിൽ ഇടപെടുകയും ഫോണിൽ ആവശ്യം ഉന്നയിച്ചതായും സുന്ദര പറഞ്ഞിരുന്നു. കൂടാതെ ഇടപാടുകൾ സംബന്ധിച്ച കാര്യം നിശ്ചയിച്ചുവെന്നും സുന്ദര പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രാദേശിക ബി.ജെ.പി. നേതാക്കൾ വീട്ടിലെത്തി പണം കൈമാറിയെന്നും സുന്ദര വ്യക്തമാക്കിയിരുന്നു.
2016-ൽ മഞ്ചേശ്വരം മണ്ഡലത്തിൽ 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. അന്ന് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. 2021-ൽ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ മത്സരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി. സ്ഥാനാർഥായായി സുന്ദര നാമനിർദേശ പത്രിക സമർപ്പിച്ചുവെങ്കിലും പിന്നീട് പിൻവാങ്ങി. ഇത്തരത്തിൽ പത്രിക പിൻവലിക്കാൻ പണം ലഭിച്ചുവെന്നായിരുന്നു സുന്ദരയുടെ വിവാദ വെളിപ്പെടുത്തൽ.
Content Highlights: Police record K Sundaras Statement