കല്പറ്റ: മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണക്കായി കൽപറ്റ ജനറൽ ആശുപത്രിയിൽ മാതൃഭൂമി ഓക്സിജൻ ബെഡുകൾ സജ്ജീകരിക്കും. 62 കിടക്കകൾക്കുള്ള ഓക്സിജൻ പോർട്ടുകളാണ് മാതൃഭൂമി നൽകുക. കിടക്കകളിലേക്ക് ഓക്സിജൻ എത്തിക്കുന്ന സംവിധാനമാണ് ഓക്സിജൻ പോർട്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത്, വയനാട്ടിലെ ആധുനിക ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത കണക്കിലെടുത്താണ് ഓക്സിജൻ പോർട്ടുകൾ നൽകാൻ മാതൃഭൂമി തീരുമാനിച്ചതെന്ന് മാനേജിങ്ങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി. പറഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇതു സംബന്ധിച്ച് കളക്ടർ ഡോ. അദീല അബ്ദുള്ളയുമായി ശ്രേയാംസ്കുമാർ ചർച്ച നടത്തിയിരുന്നു.
വീരേന്ദ്രകുമാറിന്റെ സ്മരണക്കായി കല്പറ്റ ജനറൽ ആശുപ്രതിയിൽ ഓക്സിജൻ കിടക്കകൾ ഒരുക്കാമെന്ന് ചർച്ചയിൽ ശ്രേയാംസ്കുമാർ വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഓക്സിജൻ പിന്തുണയുള്ള 62 കിടക്കകൾ ആവശ്യമുണ്ടെന്നു വിലയിരുത്തിയത്. ഇത്രയും കിടക്കകളിലെ രോഗികൾക്ക് ഓക്സിജൻ പിന്തുണ നൽകാനുള്ള ഓക്സിജൻ പോർട്ടുകളാണ് മാതൃഭൂമി ജനറൽ ആശുപത്രിയിൽ സജ്ജീകരിക്കുന്നത്.
എല്ലാ മേഖലയിലും വയനാടിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എം.പി. വീരേന്ദ്രകുമാറിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു ആരോഗ്യമേഖലയിൽ ജില്ലയുടെ പുരോഗതി. ഇതിനായി ജനപ്രതിനിധിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
Content Highlights: Oxygen beds will be set up at Kalpetta General Hospital in memory of M. P. Veerendra Kumar