കോന്നി: പത്തനംതിട്ട കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പിൽ അതുൽ കൃഷ്ണ (31) യാണ് മരിച്ചത്. വീടിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണതിനെത്തുടർന്നായിരുന്നു അപകടം. ഭിത്തിക്കും കോൺക്രീറ്റിനും ഇടയിൽപ്പെട്ടുപോയഅതുലിന്റെമൃതദേഹം രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.
ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം ഉണ്ടായത്. കിഴേക്കേമുറിയിൽ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ തട്ട് പൊളിക്കുമ്പോഴാണ് അപകടമുണ്ടായത്. തട്ട് പൊളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവർ അടക്കം അഞ്ച് തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നു.
രണ്ടാം നിലയുടെ തട്ട് പൊളിക്കുന്ന ജോലിയിൽ അതുലും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പോളിക്കുന്ന വേളയിൽ മേൽക്കൂര അടർന്ന് അതുൽ കൃഷ്ണയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്ക് രക്ഷാപ്രവർത്തനം നടത്തി അതുലിനെ പുറത്തെടുക്കാൻ സാധിച്ചില്ല. ഭിത്തിക്ക് മുകളിൽ തകർന്ന് വീണ കോൺക്രീറ്റിന് ഇടയിൽ അതുൽ പെട്ടുപോകുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും ഫയർഫോഴ്സ് എത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ജോസ് എന്ന സ്ഥലമുടമ വീട് നിർമിച്ച് വിൽപ്പന നടത്തി വരുന്ന ആളാണ്. മുകൾ നിലയുടെ കോൺക്രീറ്റ് പൂർത്തിയായിട്ട്രണ്ടാഴ്ചയിൽ താഴെ മാത്രമേ ആയിട്ടുള്ളു എന്നാണ് വിവരം. അശാസ്ത്രീയ നിർമാണരീതി അടക്കം അപകടത്തിന് വഴിവെച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: One dead after building collapses in Pathanamthitta Konni