ന്യൂഡല്ഹി> ട്വിറ്ററിന് എതിരെ നടപടികള് തുടങ്ങി കേന്ദ്ര ഐടി മന്ത്രാലയം. സാമൂഹിക മാധ്യമങ്ങള്ക്കായുളള പുതിയ ഡിജിറ്റല് നിയമങ്ങള് പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില് ട്വിറ്ററിന് കേന്ദ്രസര്ക്കാര് അന്ത്യശാസനം നല്കി.
കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങള് ട്വിറ്റര് നല്കിയിട്ടില്ലെന്ന് സ്ഥാപനത്തിന് അയച്ച നോട്ടിസില് പറയുന്നു.
‘നിയമങ്ങള് പാലിക്കാനുള്ള അവസാന അവസരം നല്കുന്നു. വീഴ്ച വരുത്തിയാല് ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില് നിന്നുളള ഒഴിവാക്കല് പിന്വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള് എന്നിവ പ്രകാരമുളള അനന്തരനടപടികള് നേരിടേണ്ടി വരും’ -മുന്നറിയിപ്പില് കേന്ദ്രം വ്യക്തമാക്കുന്നു.
ഐടി നിയമങ്ങള് പാലിക്കുക അല്ലെങ്കില് അനന്തരഫലങ്ങള് നേരിടാന് തയ്യാറാവുകയെന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര് അടക്കമുള്ള സമൂഹമാധ്യമങ്ങള്ക്ക് നിര്ദേശം നല്കിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാര്ച്ച് 25ന് അര്ധരാത്രി അവസാനിച്ചിരുന്നു.