കുഴൽപ്പണ കേസിൽ സുരേന്ദ്രനെ മാത്രം അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ എന്ന് ചോദിച്ച പത്മജ സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേയെന്ന് ചോദിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്‌റ്ററിലാണ് വന്നതും പോയതും. ഹെലികോപ്‌റ്ററിൽ പണം കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുണ്ടെന്നും പത്മജ പോസ്‌റ്റിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനൊപ്പം ഇക്കാര്യവും അന്വേഷണ വിഷയമാക്കേണ്ടതില്ലേ എന്നും അവർ ചോദിച്ചു.
കുഴൽപ്പണക്കേസിൽ കേസിൽ എംപിയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ധർമരാജനും സംഘവും സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കുഴൽപ്പണം വന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കുന്നത്. പുറത്തുവന്ന വാർത്തയോട് സുരേഷ് ഗോപി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസിലെ മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്നും പരിചയമുണ്ടെന്നും വ്യക്തമാക്കി. ധർമ്മരാജനെ അറിയാം. പ്രചാരണ സാമഗ്രഹികൾ അദ്ദേഹത്തിനെ ഏൽപ്പിച്ചിരുന്നു. പലവട്ടം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും മൊഴി നൽകി.