ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പാശ്ചാത്യലോകത്ത് എല്ലാവര്‍ഷവും ജൂൺ മാസം പ്രൈഡ് മംത് () ആചരിക്കുന്നുണ്ട്. പുരോഗമന ലോകം മുഴുവന്‍ പിന്തുടരുന്ന ഈ ആചരണം ഇന്ത്യയുള്‍പ്പെടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് മിതമായ തുല്യതയും പ്രാധിനിത്യവും ഉള്ള രാജ്യങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നില്ല.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുന്‍പ് എം.കെ മുനീര്‍, ഒരു എം.ബി.ബി.എസ് ഡോക്ടര്‍ ആണ്. ഇപ്പോള്‍ നിലച്ചുപോയ, കേരളത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ ടെലിവിഷന്‍ ചാനല്‍ ഇന്ത്യാവിഷന്‍റെ ചെയര്‍മാന്‍ ആയിരുന്നു. വായിക്കുകയും പാട്ടുകളെഴുതുകയും ഗസലുകളെ ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ്.
പക്ഷേ, “നിങ്ങളുടെ സ്വത്വത്തില്‍ അഭിമാനിക്കുക” എന്ന ട്വീറ്റിനും അതിനോടൊപ്പം സാഭിമാനത്തോടെ സ്നേഹിക്കുകയെന്ന മഴവില്‍ നിറത്തിലെ ഹൃദയചിഹ്നവും മണിക്കൂറുകള്‍ക്കുള്ളില്‍ മുനീര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കി.
—
എം.കെ മുനീര്‍ പ്രതിനിധീകരിക്കുന്ന ഐ.യു.എം.എല്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്) വോട്ടുബാങ്ക് വടക്കന്‍ കേരളത്തിലെ ഇസ്ലാംമത വിശ്വാസികളാണ്. ‘ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട’യും പലസ്‍തീനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഐ.യു.എം.എല്‍ മത അധിഷ്‍ഠിത പാര്‍ട്ടിയല്ലെന്നാണ് അവരുടെ അവകാശവാദമെങ്കിലും ഇന്ത്യയിലെ ന്യൂനപക്ഷ എൽ.ജി.ബി.ടി അവകാശങ്ങളോട് അവര്‍ക്ക് മമതയില്ല. ഇതിന്‍റെ അടിസ്ഥാനം മതം തന്നെയാണ് എന്നതില്‍ പരസ്യമായ നിലപാടുകളും അവര്‍ക്കുണ്ട്.
ഡോ. എം.കെ മുനീറിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇന്നലെയും ഇന്നുമായി എത്തുന്ന ഭൂരിപക്ഷം കമന്‍റുകള്‍ മതവിശ്വാസികളായ മുസ്ലീംലീഗ് അനുഭാവികളുടെതാണ്. സ്ത്രീ – പുരുഷ ലൈംഗികതയ്ക്ക് അപ്പുറം എൽ.ജി.ബി.ടി ബന്ധങ്ങള്‍ പ്രകൃതി വിരുദ്ധമാണെന്നും, (ഇസ്ലാമിക) വിശ്വാസത്തിന് നിരയ്ക്കാത്തതാണെന്നും പാശ്ചാത്യ രാജ്യങ്ങളുടെ ഇറക്കുമതിയാണെന്നും കരുതുന്ന ഇവര്‍ ആവര്‍ത്തിച്ച് എം.കെ മുനീറിന്‍റെ പോസ്റ്റുകളില്‍ ഓര്‍മ്മിപ്പിക്കുന്നു.
“മുസ്ലീം ലീഗിന്‍റെ പ്രിവിലേജ് ഉപയോഗിച്ച് ജയിച്ചു വരുക എന്നിട്ട് ലിബറലുകൾക് കൊടി പിടിക്കുക, എന്താല്ലേ”
—
2018 സെപ്റ്റംബര്‍ ആറിനാണ് അഞ്ച് അംഗ സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ത്യയിലെ കൊളോണിയല്‍ കാലംമുതല്‍ നിലനില്‍ക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം എന്ന ഉപയോഗം അതോടെ അസാധുവായി.
എം.കെ മുനീര്‍ പക്ഷേ, ഒരു സുപ്രഭാതത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പോസ്റ്റിടുന്ന വ്യക്തിയല്ല. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‍ജെണ്ടര്‍ നയം 2015-ൽ നടപ്പിലാക്കിയ മന്ത്രിയാണ്. തിരുവനന്തപുരത്ത് 2015 നവംബറില്‍ നടന്ന അന്താരാഷ്ട്ര ലിംഗസമത്വ കോൺഫറൻസില്‍ അദ്ദേഹം പ്രസ്‍താവിച്ചു.
“ട്രാൻസ്‍ജെണ്ടര്‍ നയം നടപ്പാക്കുന്നത് നേരിട്ട് നിരീക്ഷിക്കും. സര്‍ക്കാരുകളിലും പുറത്തും സംസ്ഥാനതലത്തിലും ദേശീയതലത്തിലും സെക്ഷൻ 377 റദ്ദാക്കുന്നതിന് വേണ്ടി പോരാടും.”
—
യാഥാസ്ഥികമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് പുരോഗമനപരമായ ആശയങ്ങളെ പിന്തുണയ്ക്കുക എന്ന വെല്ലുവിളിയാണ് എം.കെ മുനീര്‍ നിലവില്‍ നേരിടുന്നത്. 2021 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കുമ്പോഴാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്ക്ക് മുസ്ലീംലീഗ് ആദ്യമായി ഒരു വനിതയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്.
കേരളത്തിലെ “സമവായം” പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ എന്നതാണ് 2021 മാര്‍ച്ചില്‍ വാര്‍ത്താ ഏജൻസി എ.എൻ.ഐ പ്രസിദ്ധീകരിച്ച എം.കെ മുനീറിനെക്കുറിച്ചുള്ള ഒരു പബ്ലിസിറ്റി സ്വഭാവമുള്ള വാര്‍ത്തയില്‍ വിശേഷിപ്പിക്കുന്നത്.
മൂന്നുതവണ മികച്ച സാമൂഹികക്ഷേമ വകുപ്പ് മന്ത്രിക്കുള്ള പുരസ്‍കാരം നേടിയ മുനീര്‍, മതവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം സൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്ന നേതാവാണെന്നും എഴുതുന്നു. കോഴിക്കോട് നഗരത്തെ നൈതിക തലസ്ഥാന (Ethical Capital)മാക്കുകയാണ് മുനീര്‍ കാണുന്ന ഒരു സ്വപ്‍നം.
കൊച്ചി വാണിജ്യ തലസ്ഥാനവും തൃശൂര്‍ സാംസ്‍കാരിക തലസ്ഥാനവുമായതുപോലെ ശരികളുടെ, ധാര്‍മ്മികതയുടെ കേന്ദ്രമാകണം കോഴിക്കോട് എന്നാണ് മുനീര്‍ കാണുന്ന സ്വപ്‍നം. അതിന് ഇനിയെത്ര സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിഴുങ്ങണം എന്നതാകുമോ മാനദണ്ഡം എന്നതാണ് ഡോ. എം.കെ മുനീര്‍ സ്വയം ചോദിക്കേണ്ടി വരിക.
***
(കൊടുവള്ളി എം.എല്‍.എ, എം കെ മുനീറിന്‍റെ അഭിപ്രായം ഈ ലേഖനത്തിൽ ഉൾപ്പെടുത്താന്‍ പ്രതികരണം തേടിയിരുന്നു. ഇ-മെയിലിന് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല)