മലപ്പുറം: പ്രാണന്റെ പവിത്രനീരു പകർന്ന് ഒരു നാടിന്റെയാകെ ആർദ്രതയായി ചെറിയൊരു കിണർ. അതാണ് മലപ്പുറത്ത്. കാരാത്തോട് മേലേ അപ്പക്കാട്ടെ ആ കിണർ. ആയിരക്കണക്കിനു മനുഷ്യജീവനുകൾക്കു ദാഹജലം നൽകിയ ഈ കിണർ ഒരു നാടിന്റെ സ്നേഹബന്ധത്തിന്റെ ഉറവയാണ്. വെറും 15 അടി താഴ്ചയുള്ള കിണറിൽ ഇന്നുള്ളത് 27 മോട്ടോറുകളാണ്. 29 കുടുംബങ്ങളാണ് അതിലൂടെ ദാഹമകറ്റുന്നത്.
മേലേ അപ്പക്കാട് തോടിനു സമീപത്തുള്ള പണ്ടാറപ്പെട്ടി കുഞ്ഞിമൊയ്തീന്റെ സ്ഥലത്താണ് കിണർ. 25 വർഷം മുൻപാണ് പണിതത്. പാറ കൂടുതലുള്ള ഈ പ്രദേശത്തു കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ല. പക്ഷേ, കുഞ്ഞിമൊയ്തീന്റെ പറമ്പിൽ 15 അടി കുഴിച്ചപ്പോൾതന്നെ വെള്ളം കണ്ടു. അന്ന് അഞ്ചു കുടുംബങ്ങളായിരുന്നു കിണറിനെ ആശ്രയിച്ചത്.
കുഞ്ഞിമൊയ്തീൻ അയൽവാസികൾക്കായി വിട്ടുനൽകിയതാണ് കിണറെന്ന് നാട്ടുകാരൻ മുഹമ്മദ് ആസിഫ് പറഞ്ഞു. ആർക്കും ഇവിടെ മോട്ടോർ സ്ഥാപിക്കാം. മേലേ അപ്പക്കാട് പുതിയ കുടുംബങ്ങൾ വരുമ്പോൾ മോട്ടോറിന്റെ എണ്ണവും കൂടും. ഒരിക്കലും വറ്റാത്ത ഈ ഉറവ അങ്ങനെ ഞങ്ങളുടെ നാടിന്റെ ഐക്യമായി മാറി -ആസിഫ് പറഞ്ഞു.
25 കൊല്ലം മുൻപ് കോരിക്കുടിക്കാൻ കപ്പിയും ബക്കറ്റും ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ മോട്ടോറാണു ചുറ്റിലും. അവസാനം സ്ഥലം ഇല്ലാതായപ്പോൾ ചിലർ പറമ്പിൽവരെ മോട്ടോർ വെച്ചു.
400 മീറ്റർ അകലെയുള്ള പി.പി. മുജീബും കുടുംബവുംവരെ മോട്ടോർ വെച്ചിട്ടുണ്ട്. ദിവസവും 20,000 ലിറ്ററിൽ കൂടുതൽ വെള്ളമാണ് മോട്ടോറുകളിലൂടെ 29 കുടുംബങ്ങളിലെത്തുന്നത്. മലപ്പുറം നഗരസഭയുടെ പദ്ധതി വഴി ഒന്നിടവിട്ട ദിവസങ്ങളിൽ പ്രദേശത്തു പൈപ്പുവെള്ളം കിട്ടുന്നുണ്ടെങ്കിലും അതൊന്നും പ്രാഥമിക ആവശ്യങ്ങൾക്കുപോലും തികയുന്നില്ല. ഉറവ വറ്റാത്ത കിണർ മേലേ അപ്പക്കാട്ടെ പറമ്പിൽ തെളിഞ്ഞുനിൽക്കുമ്പോൾ അതു നാടിന്റെ ജീവിതം തന്നെയായിമാറുന്നു.
Content Highlight: 27 motors setup in well Appakkat village