വാഷിങ്ടൺ
ജൂൺ അവസാനത്തോടെ എട്ടുകോടി ഡോസ് കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്ത് ഉപയോഗശേഷം അധികമായുള്ള വാക്സിനിൽ 75 ശതമാനവും ലോകാരോഗ്യ സംഘടനയുടെ ‘കോവാക്സിൻ’ ഉദ്യമത്തിലേക്കാകും നൽകുക. ബാക്കിയുള്ളവ കരുതൽ ശേഖരമായി വയ്ക്കുകയും സുഹൃദ് രാഷ്ട്രങ്ങൾക്ക് നേരിട്ട് ലഭ്യമാക്കുകയും ചെയ്യും. ആദ്യഘട്ടമായി 2.5 കോടി ഡോസാണ് ലഭ്യമാക്കുക. ഇതിൽ 1.9 കോടി കോവാക്സിലേക്ക്. ബാക്കിയുള്ള 60 ലക്ഷം ഡോസ് മറ്റ് രാജ്യങ്ങൾക്കും യുഎന്നിന്റെ മുന്നണി പ്രവർത്തകർക്കും നേരിട്ട് നൽകും.
യുഎസ് നൽകുന്ന വാക്സിനിൽ നല്ലൊരു പങ്ക് ഇന്ത്യക്കും ലഭിക്കുമെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരൺജിത് സിങ് സന്ധു പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇക്കാര്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണിൽ വിളിച്ച് അറിയിച്ചു.















