തിരുവനന്തപുരം
തദ്ദേശ സ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനമാകെ മഴക്കാല പൂർവ ശുചീകരണം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഓരോ വാർഡിലും അഞ്ച് പേർ വീതമുള്ള കുറഞ്ഞത് 20 സംഘം ശുചീകരണത്തിൽ ഏർപ്പെടും. വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങി എല്ലാ മേഖലയിലുമുള്ളവർ പങ്കാളികളാകും. വീടുകളിലും കുടുംബാംഗങ്ങൾചേർന്ന് പരിസരം ശുചീകരിക്കണം. 30 ലക്ഷം പേർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകും. മിക്കയിടത്തും വെള്ളിയാഴ്ച തന്നെ പൊതുസ്ഥലങ്ങളിൽ ശുചീകരണം തുടങ്ങി. എല്ലാവരും കോവിഡ് മാനദണ്ഡം പാലിച്ച് ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് മന്ത്രി എം വി ഗോവിന്ദൻ അഭ്യർഥിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് മന്ത്രി ശനിയാഴ്ച രാവിലെ തുടക്കം കുറിക്കും. സംസ്ഥാനമെങ്ങും ജനപ്രതിനിധികളും സാമൂഹ്യ നേതാക്കളും അതത് ഇടങ്ങളിൽ ശുചീകരണം ഉദ്ഘാടനം ചെയ്യും.