കൂത്താട്ടുകുളം
കനത്തമഴയിൽ ഇലഞ്ഞി പഞ്ചായത്തിലെ കൂരുമലയിൽ ഉരുൾ പൊട്ടി. വ്യാഴാഴ്ച രാത്രി 12.30ഓടെ ഇലഞ്ഞി രണ്ടാം വാർഡിൽ കൂരുമല പുന്നച്ചാലിൽ ശശിയുടെ റബർ തോട്ടത്തിലാണ് ഉരുൾ പൊട്ടിയത്. ജില്ലയിലെതന്നെ ഏറ്റവും ഉയർന്ന പ്രദേശമായ കൂരുമല വിനോദ സഞ്ചാര കേന്ദ്രം ഇതിനുസമീപമാണ്. പുത്തൻകളപ്പുരയ്ക്കൽ ബിനോയി, പാറക്കണ്ടത്തിൽ ഗോപൻ തുടങ്ങിയവരുടെ മൂന്നര ഏക്കർ തോട്ടത്തിലൂടെ ഉരുൾ പൊട്ടി വെള്ളവും പാറക്കല്ലുകളും ചെളിയും കുത്തി ഒഴുകി എംവിഐപി കനാലിൽ പതിച്ചു.
അരക്കിലോമീറ്ററോളം റബർ കൃഷി നശിച്ചു. ജനവാസ മേഖലയിലേക്ക് കുത്തിയൊലിച്ചുവന്ന വെള്ളവും കല്ലുകളും വലിയ പാറക്കൂട്ടത്തിൽ തട്ടി ദിശമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച പുലർച്ചെയാണ് പ്രദേശവാസികൾ സംഭവം അറിഞ്ഞത്. അഞ്ച് വർഷം പ്രായമായ റബർ മരങ്ങളാണ് നശിച്ചത്. ജിയോളജിവകുപ്പ് ഉൾപ്പെടെയുള്ള വിദഗ്ധ വിഭാഗങ്ങളെ വിവരം അറിയിച്ചതായും സമീപവാസികളായ എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇലഞ്ഞിയിലോ സമീപപ്രദേശങ്ങളിലോ ഇത് ആദ്യമായാണ് ഉരുൾ പൊട്ടുന്നത്. സംഭവസ്ഥലത്തിന് സമീപമുള്ള പാറമടയുടെ പ്രവർത്തനവും പരിസരവാസികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
കനത്തമഴയിൽ പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. സെബാസ്റ്റ്യൻ കല്ലംപറമ്പിൽ, റോസമ്മ ജോസ് പാക്കരമ്പേൽ, ജോഷി പീറ്റർ കുഴിക്കണ്ടത്തിൽ എന്നിവരുടെ വീടുകൾ തകർന്നു. അഞ്ച് വീടുകൾക്ക് തകരാറുകൾ സംഭവിച്ചു. ഗ്രാമീണ റോഡുകൾ പലതും വെള്ളത്തിലായി. മേഖലയിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ആലപുരം അങ്കണവാടിയുടെ മതിലും തകർന്നു. പ്രദേശങ്ങൾ തോമസ് ചാഴികാടൻ എംപി, സിപിഐ എം ഏരിയസെക്രട്ടറി ഷാജു ജേക്കബ്, ലോക്കൽ സെക്രട്ടറി വി ജെ പീറ്റർ എന്നിവർ സന്ദർശിച്ചു.















