തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയാണ് ചോദ്യം ചെയ്യുക. നാളെ രാവിലെ തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ദിപിന് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇന്നാണ് അറിയിച്ചത്. അതിനാൽ തന്നെ അദ്ദേഹം ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണിൽ നിന്നും നിരവധി തവണ ധർമരാജനെ ഉൾപ്പെടെ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോൺ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലീസ് പറയുന്നത്.
കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസിൽ നിന്ന് എഫ്.ഐ.ആർ. വിവരങ്ങൾ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയിൽ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിലും ഇഡിക്ക് മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിധിയിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ വരില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്ന ഇഡി. എന്നാൽ തുടർന്ന് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയതിനേ തുടർന്ന് കോടതി ഇഡിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പത്ത് ദിവസത്തെ സാവകാശമാണ് ഇക്കാര്യത്തിൽ ഇഡി ആവശ്യപ്പെട്ടത്.
ഈ ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇ.ഡി. ആരംഭിച്ചിരിക്കുന്നത്. ഇ.ഡി. പോലീസിൽ നിന്ന് കേസിന്റെ എഫ്ഐആർ ശേഖരിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. കോടതിക്ക് റിപ്പോർട്ട് നൽകേണ്ട സാഹചര്യത്തിൽ കേസ് തങ്ങളുടെ പരിധിയിൽ വരുമോ എന്നകാര്യമാണ് ഇഡി പരിശോധിക്കുന്നത്.
Content Highlights: K. Surendrans secretary got notice for questioning in Kodakara black money case