സംസ്ഥാനം ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോൾ തോട്ടം മേഖലയ്‌ക്ക് ഊന്നൽ നൽകി വാക്‌സിൻ നൽകാനുള്ള പ്രഖ്യാപനങ്ങൾ ആശ്വാസകരമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പ്രതിസന്ധി തുടരുന്ന നിലവിലെ സാഹചര്യത്തിൽ റബർ ഉൾപ്പെടെയുള്ള മേഖലയ്‌ക്ക് ഊന്നൽ നൽകാനുള്ള തീരുമാനം ബജറ്റിലുണ്ട്. ഈ തീരുമാനം കാർഷിക മേഖലയ്‌ക്ക് കരുത്ത് പകരുന്നതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കൊവിഡ്-19 മഹാമാരിയെ അതിജീവിക്കുന്നതിനൊപ്പം മൂന്നാം തരംഗത്തെ പ്രതിരോധിക്കാനും ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബജറ്റിൽ തോട്ടം മേഖലയ്‌ക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. റബർ സബ്‌സിഡി കൊടുത്ത് തീർക്കുന്നതിന് 50 കോടി പ്രഖ്യാപിച്ചു. തോട്ട വിളകളുടെ വൈവിധ്യ വത്കരണത്തിന് പദ്ധതി തയ്യാറാക്കാൻ രണ്ട് കോടിയും അനുവദിച്ചിട്ടുണ്ട്. കൂടാതെ കർഷകരെ അടുത്ത ഘട്ടത്തിലേക്ക് വളർത്തിക്കൊണ്ടുവരാൻ കുടുംബ ശ്രീ വഴി പത്ത് കോടി നൽകും.
ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർ ഹൗസുകളുടെ ഉപയോഗം, കോൾഡ് സ്റ്റോറേജ് ശൃംഖല, മാര്‍ക്കറ്റിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയിൻ, ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങിയവയുടെ സഹായത്തോടെ ആധുനിക വത്കരിക്കും. ഇതിനായി പത്ത് കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് തരിശു ഭൂമിയിൽ കൃഷിയിറക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി ഉത്പാദനത്തിൽ വര്‍ദ്ധനവ് ഉണ്ടായി. എന്നാൽ ഇവ ന്യായമായ വിലയ്ക്ക് വാങ്ങാനും വിൽപ്പന നടത്താനും കഴിഞ്ഞില്ല. ഗോഡൗണുകളുടെ കുറവ്, മാര്‍ക്കറ്റിങ് ശൃംഖലയുടെ പോരായ്മ തുടങ്ങിയവ കര്‍ഷകരെ ദുരിതത്തിലാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.