തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് സർവകക്ഷിയോഗം ചേർന്നിരുന്നു. നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയുടെ പഠനവും പ്രായോഗിക നിർദേശങ്ങളും സമുന്വയിപ്പിച്ച് പരിഹാരമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എല്ലാ അർഥത്തിലും അഭിപ്രായ സമുന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിർദേശം വെച്ചത് സി.പി.എമ്മാണ്. നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ കുറവു വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
സച്ചാർ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള പദ്ധതികൾ നൂറുശതമാനവും മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് നിലപാടെടുത്തു. എന്നാൽ മറ്റ് ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്കോളർഷിപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഐ.എൻ.എൽ. ഉന്നയിച്ചത്. കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് (ജോസഫ്), ബി.ജെ.പി. എന്നിവർ ഹൈക്കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
content highlights:government appoints expert committee to study minority scholarship issue