കൊച്ചി: ആഗോള പരിസ്ഥിതി ദിനം പ്രമാണിച്ച് യു.എന്നിന്റെ ഭാഗമായ യു.എൻ.ഇ.പിയുമായി സഹകരിച്ച് ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ നടത്തിവരുന്ന അന്തർദേശീയ നേച്ചർ ഫോട്ടോഗ്രാഫി മത്സരത്തിന്റെ പതിമൂന്നാം പതിപ്പിന് തുടക്കമായി. ഹരിതപൈതൃകം പുനരുജ്ജീവിപ്പിക്കാം എന്നതാണ് ഇത്തവണത്തെ മത്സരത്തിന്റെ ഇതിവൃത്തം. എൻട്രികൾ സ്വീകരിക്കുന്ന അവസാനതീയതി ജൂൺ 30, 2021.
നിലവിലുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതുകൊണ്ടു മാത്രം പ്രകൃതിയെ രക്ഷിക്കാനാവില്ലെന്ന് ഇത്തവണത്തെ ഇതിവൃത്തം പ്രഖ്യാപിച്ച ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ദിലീപ് നാരായണൻ പറഞ്ഞു. സംരക്ഷണത്തിനൊപ്പം പുനരുജ്ജീവനവും പ്രധാനമാണ്. നഷ്ടങ്ങൾ നികത്താനുള്ള പ്രവർത്തനങ്ങളും വേണം. ലോകമെങ്ങുമുള്ള ആളുകൾ ഒറ്റയ്ക്കും കൂട്ടായും ഇത്തരം പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. തങ്ങളുടെ സ്വന്തം പിന്നാമ്പുറങ്ങളിൽ, പൊതുസ്ഥലങ്ങളിൽ, കുളങ്ങളിൽ, പുഴകളിൽ, നഗരങ്ങൾക്കുള്ളിലെല്ലാം ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹരിതപൈതൃകം പുനരുജ്ജീവിപ്പിക്കാം എന്ന ഇതിവൃത്തത്തിൽ ലോകമെങ്ങുമുള്ള അമച്വർ, പ്രൊഷണൽ ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാവുന്ന വാർഷിക മത്സരത്തിന്റെ 13-ാം പതിപ്പ് ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പുനരുജ്ജീവന പ്രവർത്തനങ്ങളെ ആഘോഷിക്കാനും അവയെ മറ്റുള്ളവർക്ക് പ്രചോദനമാക്കാനും ഇത്തവണത്തെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രമുഖ അഡ്വർടൈസിങ് ഗുരു പ്രതാപ് സുതൻ ചെയർമാനായ മൂന്നംഗ ജൂറിയും ഓൺലൈൻ പ്രദർശനത്തിൽ വോട്ടു രേഖപ്പെടുത്തുന്ന കാഴ്ചക്കാരും ചേർന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരിയും പ്രാസംഗികയുമായ ഐശ്വര്യ ശ്രീധർ, ഇക്കോളജിക്കൽ റിസ്റ്റോറേഷൻ പദ്ധതികളിലൂടെ പ്രശസ്തനായ അമേരിക്കൻ ലാൻഡ്സ്കേപ് ആർട്ടിസ്റ്റ് മൈക്കൽ ലിറ്റ്ൽ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
ലോകമെങ്ങും നിന്നുള്ളവർക്ക് പങ്കെടുക്കാവുന്ന മത്സരത്തിന് പ്രവേശന ഫീസ് ഇല്ല. ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് 50,000 രൂപ, 30,000 രൂപ, 20,000 രൂപ എന്നിങ്ങനെ മൊത്തം ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും പ്രശസ്തിപത്രങ്ങളും സമ്മാനമായി നൽകും. ആവാസവ്യവസ്ഥകളുടെയും ഹരിത പൈതൃകത്തിന്റേയും പുനരുജ്ജീവന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് പരിഗണിക്കുക. ചിത്രവും അതു സംബന്ധിച്ച ചെറുകുറിപ്പും www.greenstorm.com എന്ന വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. പ്രവേശനഫീസ് ഇല്ല.
ജൂറി തെരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയിൽപ്പെടുന്ന ചിത്രങ്ങൾ www.greenstorm.green എന്ന വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. ജൂറി മാർക്കുകളും ഓൺലൈനായി ലഭിക്കുന്ന വോട്ടുകളുടേയും അടിസ്ഥാനത്തിലാകും അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് www.greenstorm.green സന്ദർശിക്കുക. മൊബൈൽ 87144 50501.
2009 മുതൽ 12 വർഷമായി നടന്നു വരുന്ന മത്സരത്തിൽ ലോകമെമ്പാടുംനിന്നുള്ള ഫോട്ടോഗ്രാഫർമാർ പങ്കെടുത്തു വരുന്നു. 2020-ൽ മാത്രം 52 രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർ മത്സരത്തിൽ പങ്കെടുത്തു. ഇതു വരെ 1.2 കോടിയോളം പേരിലേക്ക് ഗ്രീൻസ്റ്റോം എത്തിച്ചേർന്നിട്ടുണ്ട്.
Content Highlights:13-th green storm international nature photography contest