തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2019-ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്ങിൽ മാതൃഭൂമി സീനിയർ സബ് എഡിറ്റർ അനു എബ്രഹാമിനാണ് അവാർഡ്. കടക്കെണിയിലാകുന്ന യുവഡോക്ടർമാരെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അവാർഡ്. ജനറൽ റിപ്പോർട്ടിങ്ങിൽ മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളിക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. സാക്ഷരകേരളത്തിലെ ഭർത്തൃ ബലാത്സംഗങ്ങൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്.
ടിവി അഭിമുഖത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്റർ റിബിൻ രാജുവിനാണ്. കടലിന്റെ കമാൻഡർ എന്ന പേരിൽ അഭിലാഷ് ടോമിയുമായി നടത്തിയ അഭിമുഖത്തിനാണ് അവാർഡ്. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഏറ്റുമുട്ടൽ കവർ ചെയ്ത മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജെ. വൈശാഖിനാണ് ടിവി ക്യാമറാമാനുള്ള അവാർഡ്. ബാണാസുരസാഗർ ഡാമിന്റെ പശ്ചാത്തലത്തിൽ വരണ്ട മണ്ണിനെയും ആർദ്രമായ ഭൂമിയെയും പകർത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം. ഷമീറിന് പ്രത്യേക ജൂറി പരാമാർശം ലഭിച്ചു.
എസ്.വി. രാജേഷിനാണ് (മലയാള മനോരമ) വികസനോൻമുഖ റിപ്പോർട്ടിങ്ങിനുള്ള അവാർഡ്. വി.എൻ. കൃഷ്ണപ്രകാശിനാണ് ( ജനയുഗം) ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്. ടി.കെ. സുജിത്തിനാണ് (കേരളകൗമുദി) മികച്ച കാർട്ടൂണിനുള്ള അവാർഡ്. ടിവി ന്യൂസ് റിപ്പോർട്ടിങ്ങിനുള്ള അവാർഡ് ബിജി തോമസിനാണണ് (മനോരമ). ഈ വിഭാഗത്തിൽ റിനി രവീന്ദ്രന് (ഏഷ്യാനെറ്റ് ന്യൂസ്) സ്പെഷ്യൽ ജൂറി പുരസ്കാരമുണ്ട്. ടിവി അഭിമുഖത്തിന് ടി.എം ഹർഷന് (24 ന്യൂസ്) പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
സാമൂഹ്യശാക്തീകരണ റിപ്പോർട്ടിനുള്ള അവാർഡ് കെ. രാജേന്ദ്രനാണ് (കൈരളി). എം. മനുശങ്കറിന് (ഏഷ്യാനെറ്റ് ന്യൂസ്) പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഷഫീഖ് ഖാനാണ് (ഏഷ്യാനെറ്റ് ന്യൂസ്) ടിവി എഡിറ്റിംഗ് അവാർഡ്. അരുൺ വിൻസെന്റിന് (മനോരമ ന്യൂസ്)പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സുജയ പാർവതിക്കാണ് (ഏഷ്യാനെറ്റ് ന്യൂസ്) ടിവി ന്യൂസ് റീഡിംഗ് അവാർഡ്.
ലീൻ ബി. ജെസ്മസ്, ഡോ. പി. ജെ. വിൻസെന്റ്, ഉഷ എസ്. നായർ എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രഫി അവാർഡുകൾ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ. ബാലചന്ദ്രൻ, കെ. എ. ബീന എന്നിവരടങ്ങിയ ജൂറിയാണ് നിർണയിച്ചത്. കൃഷ്ണ പൂജപ്പുര, എം.എസ്. ശ്രീകല, ബോണി തോമസ് എന്നിവരായിരുന്നു കാർട്ടൂൺ ജൂറി.
Content Highlights: Kerala state media awards announced