തിരുവനന്തപുരം > ധാരാളം യൂട്യൂബ് ചാനലുകള്‍ ഉള്ള നാട്ടില്‍ ‘ഉമക്കുട്ടി’ എന്ന യൂട്യൂബ് ചാനല്‍ സവിശേഷശ്രദ്ധ ആകര്‍ഷിക്കുകയാണ്. വിനോദ പരിപാടികളോ മറ്റ് യൂട്യൂബ് ചേരുവകളോ അല്ല ‘ഉമക്കുട്ടി’ എന്ന യൂട്യൂബ് ചാനലിന്റെ വിഷയം. സ്വന്തം പാഠഭാഗങ്ങളുമായി ഉമ എന്ന കുട്ടി തന്നെ ടീച്ചര്‍ ആകുന്ന യൂട്യൂബ് ചാനല്‍ ആണിത്.
ഉമക്കുട്ടിയുടെ വിശേഷം കേട്ടറിഞ്ഞ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആറാം ക്ലാസുകാരിയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍ നേരിട്ടെത്തി.തന്റെ യൂട്യൂബ് ചാനലിന്റെ വിഷയങ്ങളും പ്രവര്‍ത്തനരീതിയും എല്ലാം ഉമ വിദ്യാഭ്യാസമന്ത്രിയോട് വിവരിച്ചു.
എല്ലാം കേട്ടറിഞ്ഞ മന്ത്രി വി ശിവന്‍കുട്ടി ഉമക്കുട്ടിയെ അഭിനന്ദിച്ചു.ഉമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി വിശദീകരിച്ചു. ഉമയുടെ കൊച്ചു സ്റ്റുഡിയോയും മന്ത്രി സന്ദര്‍ശിച്ചു. യൂട്യൂബ് ചാനല്‍ വരുമാനത്തിന്റെ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉമ മന്ത്രിക്ക് കൈമാറി.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ കേട്ടാണ് ഉമ പാഠങ്ങള്‍ പഠിക്കുന്നത്. അതിനുശേഷമാണ് അധ്യാപികയാകുന്നത്. അമ്മ അഡ്വ. നമിതയും ടീച്ചറായി ഒപ്പമുണ്ട്. കേരളകൗമുദിയില്‍ കാര്‍ട്ടൂണിസ്റ്റായ അച്ഛന് ടി കെ സുജിത്തും സഹോദരന് അമലും സാങ്കേതിക കാര്യങ്ങളില്‍ ഉമയെ സഹായിക്കുന്നുണ്ട്. ആറാം ക്ലാസിലെ പാഠങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ഉമക്കുട്ടി ടീച്ചര്‍.