കൊച്ചി> മാധ്യമങ്ങൾക്കും പോലീസിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ടി ജി നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് ദിവസത്തെ കുണ്ടറയിലെ വ്യാജ ബോംബ് ആക്രമണ കേസിൽ തന്നെ പോലിസ് ചോദ്യം ചെയ്യുന്നത് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകാതെ വേണമെന്ന് ആവശ്യം ഉന്നയിച്ചാണ് ഹർജി.
ക്രിമിനൽ കേസുകളിലെ അന്വേഷണ വിവരങ്ങൾ പോലീസ് മാധ്യമങ്ങൾക്ക് നൽകുന്നത് നിയമപരമല്ലന്നും കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് മാധ്യമങ്ങൾ നിർവധി വാർത്തകൾ നൽകുന്നതായും ഹർജിയിൽ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാൻ കണ്ണനല്ലൂർ പോലീസ് ഫോണിലാണ് ആവശ്യപ്പെട്ടത്. ഡൽഹിയിലായിരുന്നതിനാൽ ഹാജരാവാൻ കഴിഞ്ഞില്ല. പിന്നീട് സ്വദേശമായ കൊച്ചിയിൽ എത്തിയതിനു ശേഷം കൊല്ലത്ത് എത്തി അന്വേഷണ ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അസൗകര്യം അറിയിച്ചതായും ഹർജിയിൽ പറയുന്നു.
കൊല്ലത്തൊ കൊച്ചിയിലോ പോലീസ് സ്റ്റേഷനുകളിൽ ചോദ്യം ചെയ്യലിന് വിധേയമാവാൻ തയ്യാറാണ് എന്നാൽ വിശദാംശങ്ങൾ പോലീസ് മാധ്യമങ്ങൾക്ക് നൽകുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ കോടതി പോലിസിൻ്റെ നിലപാട് തേടി.