തന്‍റെ വീട്ടിലേക്ക് വന്നത് റെയ്ഡിനല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നടന്നത് റെയിഡല്ല, മൊഴി യെടുക്കലാണെന്ന് വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തും മാധ്യമങ്ങളോട് പ്രതികരിച്ചു. അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് നടന്നത് റെയ്ഡല്ല മൊഴിയെടുക്കലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചത്.
2011 -16 കാലഘട്ടത്തിൽ അബുള്ളക്കുട്ടി കണ്ണൂർ എംഎൽഎ ആയിരിക്കെ കണ്ണുർ കോട്ടയിൽ നടപ്പിലാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമാണ് അഴിമതിക്ക് കൂട്ട് നിന്നതെന്നാണ് അബ്ദുള്ളക്കുട്ടി ആരോപിക്കുന്നത്.
ഏതോ ഒരു തട്ടിക്കൂട്ട് ഇവന്‍റ് മാനേജ്മെന്‍റ് കമ്പിനിയെയാണ് അവർ പദ്ധതി നടത്തുന്നതിനായി ഏൽപ്പിച്ചത്. പിന്നീട് അവർ സാധനങ്ങളടക്കമെടുത്ത് മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് നേരത്തെ അന്വേഷണം നടക്കേണ്ടതായിരുന്നു അഴിമതിയെന്നു പറഞ്ഞാൽ പോര തീവെട്ടിക്കൊള്ളയാണ് അവർ നടത്തിയതെന്നും ബിജെപി നേതാവ് പറഞ്ഞു.
എല്ലാവർക്കും അറിയുന്നതു പോലെ വളരെ നന്നായാണ് ലൈറ്റ് ആൻഡ് ഷോയുടെ ഉദ്ഘാടനം നടന്നത്. മമ്മൂട്ടിയുടെയും കാവ്യാ മാധവന്‍റെയുമൊക്കെ ശബ്ദം ഉപയോഗിച്ചുള്ള പരിപാടിയായിരുന്നു അത്. പിന്നീടത് കാലക്രമേണ നിലയ്ക്കുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം നടക്കണമെന്നാണ് എന്‍റെ നിലപാട്. എന്‍റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ താനും ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പദ്ധതി നിലച്ച സമയത്ത് അന്നത്തെ കലക്ടറടക്കമുള്ളവരോട് ഈക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാൽ ആരും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ലൈറ്റ് ആൻഡ് ഷോ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ പ്രൊപ്പൊൽ കൊടുക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളു. ഇത്തരം പദ്ധതികൾ നിർവഹിക്കുന്നതിനുള്ള പണം എം.എൽ.എയുടെ കൈവശം കൂടിയല്ല പോകുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.