തിരുവനന്തപുരം
കുഴൽപ്പണക്കേസിലും സി കെ ജാനുവിന് പണം കൊടുത്ത സംഭവത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ പതറി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുമായി ബന്ധപ്പെടുത്തി കേരളം ചർച്ച ചെയ്യുന്ന ഒരു വിഷയത്തിലും മറുപടിയുണ്ടായില്ല.
ഒടുവിൽ വാർത്തകൾ ഈ നിലയ്ക്ക് കൊടുത്താൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിയും. കെ സുരേന്ദ്രനും വി മുരളീധരനും അടങ്ങുന്ന നേതൃത്വത്തിനെതിരെ ശബ്ദിച്ചാൽ പുറത്താക്കുമെന്ന മുന്നറിയിപ്പ് പാർടിക്കകത്തുണ്ട്. അതേ അടവാണ് ഇപ്പോൾ മാധ്യമങ്ങൾക്കെതിരെയും ഉപയോഗിക്കുന്നത്. കുഴൽപ്പണക്കടത്ത് സംഭവവുമായി ബന്ധപ്പെടുത്തി പോസ്റ്റിട്ടതിനാണ് ഒബിസി മോർച്ച നേതാവ് റിഷി പൽപ്പുവിനെ പുറത്താക്കിയത്.
കേസിൽ പിടിയിലായവരും ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരും തമ്മിലുള്ള ബന്ധവും ഇവർക്കെല്ലാവർക്കും ബിജെപിയുമായുള്ള ബന്ധവും വ്യക്തമായതാണ്. അറസ്റ്റിലായവരിൽനിന്ന് കിട്ടിയ വിവരം വച്ചാണ് വിവിധ തട്ടിലുള്ള നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരായശേഷം ബിജെപിയുടെ നേതാക്കളും ഓഫീസ് ചുമതലക്കാരും മാധ്യമങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളും പണക്കടത്തുമായുള്ള പരസ്പരബന്ധം വ്യക്തമാക്കുന്നു.
ഇതിനെല്ലാമുള്ള മറുപടിയായി സുരേന്ദ്രൻ പറഞ്ഞത് പൊലീസിന് കൊടുത്ത മൊഴി പുറത്ത് വന്നില്ലല്ലോ എന്നാണ്. അതുതന്നെയാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെയും കേരള പൊലീസിന്റെയും അന്വേഷണത്തിലുള്ള വ്യത്യാസം. കേന്ദ്ര ഏജൻസികൾ സെക്കൻഡ് വച്ച് വിവരങ്ങൾ മാധ്യമപ്രവർത്തകരുടെ വാട്സാപ്പിലേക്ക് മൊഴികളെന്ന പേരിൽ കള്ളക്കഥ അയച്ചുകൊണ്ടിരുന്നു. എന്നാൽ, അന്വേഷണ ഘട്ടത്തിൽ മൊഴികളും മറ്റു വിവരങ്ങളും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന പണി കേരള പൊലീസിനില്ല എന്നാണ് സുരേന്ദ്രൻതന്നെ സമ്മതിക്കുന്നത്.