ഓമനച്ചേട്ടനെ അവസാനമായി കാണാൻ ഓടിയെത്തി ഗജവീരൻ ബ്രഹ്മദത്തൻ; വൈകാരികമായി വിടപറയൽ-വീഡിയോ വൈറൽ
തന്റെ പാപ്പാനെ അവസാനമായി കാണാൻ എത്തിയ ആനയുടെ ദൃശ്യങ്ങൾ ലോകമാകെ ഒരു നൊമ്പരക്കാഴ്ചയാവുകയാണ്.
കോട്ടയം: അന്തരിച്ച പാപ്പാൻ ഓമനച്ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ തലയെടുപ്പോടെ ശാന്തനായി നടന്നെത്തി ഗജവീരൻ ബ്രഹ്മദത്തൻ. ഓമനച്ചേട്ടന്റെ(73) മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ബ്രഹ്മദത്തൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. രണ്ടര പതിറ്റാണ്ടോളമായി ബ്രഹ്മദത്തനൊപ്പമുണ്ടായിരുന്നു ഒന്നാം പാപ്പാനായിരുന്ന ഓമനച്ചേട്ടൻ . കോട്ടയം കൂരോപ്പോട പഞ്ചായത്തിലെ ‘ളാക്കാട്ടൂർ’ സ്വദേശിയാണ്കു ന്നക്കാട്ടിൽ ദാമോദരൻ നായർ എന്ന ഓമനച്ചേട്ടൻ.
ആന തന്റെ പാപ്പാനെ അവസാനമായി കാണാൻ എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. വീട്ടുമുറ്റത്തെത്തി ഓമനച്ചേട്ടനെ നോക്കിനിൽക്കുന്ന ബ്രഹ്മദത്തനെ ഈ വീഡിയോയിൽ കാണാം. ഒടുവിൽ തന്റെ തുമ്പിക്കൈയുയർത്തി ആദരാഞ്ജലി നൽകിയ ശേഷമാണ് ബ്രഹ്മദത്തൻ മടങ്ങിപ്പോയത്.
താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്‌താൽ വീഡിയോ കാണാം
ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ നിരവധി പേരെ കണ്ണീരണിയിച്ച കാഴ്ചയായി അത് മാറി. നിരവധി പേർ തങ്ങളുടെ ദുഖവും വേദനയുമെല്ലാം കമന്റുകളിൽ അറിയിക്കുകയും ചെയ്തു.
“ആദരാഞ്ജലികൾ. മൃഗങ്ങളിൽനിന്ന് മനുഷ്യർ പഠിക്കേണ്ടിയിരിക്കുന്നു എന്ന ഒരു താക്കീതാണീ ആന പകർന്നു നൽകിയത്. ആ ആനയുടെ മര്യാദപൂർവ്വമായ പെരുമാറ്റം, ആ തിരികെ പോകുമ്പോഴുള്ള കാൽവെപ്പുകൾ എല്ലാം…..എല്ലാം… ശ്വാസമടക്കി കണ്ടിരുന്നു… അത്രയും സമയം ആ സഹോദരനുവേണ്ടി അറിയാതെ പ്രാർത്ഥിച്ചുപോയി…” എന്നാണ് ഒരാൾ ഈ വീഡിയോക്ക് താഴെ കമന്റ് നൽകിയത്.
ഈ കാഴ്ച്ച കാണാൻ പറ്റുന്നില്ലെന്നും അത്രക്കും കരഞ്ഞുപോയെന്നും പലരും അഭിപ്രായപ്പെട്ടു. ഇത് കാണുന്നവർ ഇത്തിരി സ്നേഹവും കരുണയും ആ മിണ്ടാപ്രാണികളോടും കാണിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.
15ാം വയസ്സിൽ പാപ്പാനായി ജോലിക്കിറങ്ങിയ ഓമനച്ചേട്ടൻ ആറു പതിറ്റാണ്ടിലധികം ഈ രംഗത്ത് പ്രവർത്തിച്ചു. 25 വർഷമായി ഓമനച്ചേട്ടന് ഒപ്പമുണ്ട് ബ്രഹ്മദത്തൻ.
അർബുദ രോഗ ബാധയെത്തുടർന്നാണ് ഓമനച്ചേട്ടൻ അന്തരിച്ചത്. ഏതാനും ദിവസം മുൻപ് അദ്ദേഹത്തിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. കീമോ തെറാപ്പി അടക്കമുള്ള ചികിത്സകൾ നടത്തിയെങ്കിലും രോഗം അവസാന ഘട്ടത്തിലായതിനാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.