തിരുവനന്തപുരം
സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ ബില്ലുകൾ മുമ്പും നിയമസഭ പാസാക്കിയിട്ടുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. 2021ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ലിനെതിരെ കെ ബാബു (തൃപ്പൂണിത്തുറ), മാത്യു കുഴൽനാടൻ എന്നിവരുടെ ക്രമപ്രശ്നത്തിന് റൂളിങ് നൽകുകയായിരുന്നു സ്പീക്കർ. കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരമാണ് ബിൽ സഭയുടെ പരിഗണനയ്ക്കായി വന്നത്. നന്ദി പ്രമേയ ചർച്ചയുടെയും പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചർച്ചയുടെയും ഇടയ്ക്ക് സർക്കാർ കാര്യത്തിനായി ലഭിച്ച സമയം ഫലപ്രദമാക്കാനും പുതിയ അംഗങ്ങൾക്ക് നിയമ നിർമാണ പ്രക്രിയയെ പരിചയപ്പെടുത്താനുള്ള അവസരമായുമാണ് ഈ ബിൽ പരിഗണിച്ചത്. സബ്ജക്ട് കമ്മിറ്റികൾ നിലവിൽ വന്നിട്ടുമില്ല.
1980ൽ സബ്ജക്ട് കമ്മിറ്റി നിലവിൽ വന്നതിനുശേഷം സുപ്രധാന നിയമനിർമാണങ്ങൾ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയോ പൊതുചർച്ചയോ കൂടാതെ പാസാക്കിയിട്ടുണ്ട്. 1987-ലെ കേരള മുനിസിപ്പാലിറ്റീസ് (അമെന്റ്മെന്റ്) ബിൽ, 1995-ലെ കേരള സിവിൽ കോർട്സ് (ഭേദഗതി) ബിൽ, 1996-ലെ കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് (ഭേദഗതി) ബിൽ, 2000ലെയും 2013ലെയും കേരള ധന ബില്ലുകൾ, 2020ലെ കേരള ധന ബില്ലുകൾ (രണ്ടെണ്ണം) എന്നിവ ഇങ്ങനെയാണ് പാസാക്കിയത്.
ബില്ലിലെ ഏതെങ്കിലും വ്യവസ്ഥകൾക്ക് കേന്ദ്രനിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകളോട് വൈരുധ്യം ഉണ്ടെങ്കിൽപ്പോലും സംസ്ഥാന ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയത്തിന്മേൽ നിയമനിർമാണം നടത്താനുള്ള സംസ്ഥാന നിയമസഭയുടെ പരമാധികാരത്തെ ഒരുവിധത്തിലും പരിമിതപ്പെടുത്തുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.