തിരുവനന്തപുരം
സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ‘2012ലെ കേരള സാംക്രമിക രോഗങ്ങൾ ബിൽ’ നിയമസഭ ഏകകണ്ഠമായി പാസാക്കി. നേരത്തേ ഓർഡിനൻസായി പുറപ്പെടുവിച്ച നിയമഭേദഗതിയാണ് നിയമമാക്കിയത്. ആരോഗ്യമന്ത്രി വീണ ജോർജാണ് ബിൽ അവതരിപ്പിച്ചത്. സാംക്രമികരോഗം പിടിക്കുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയർന്നാൽ നടപടി കൈക്കൊള്ളാൻ കലക്ടർമാരെ അധികാരപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. രോഗം പകരാൻ സാധ്യതയുണ്ടെങ്കിൽ ഒത്തുചേരൽ, ആഘോഷം, ആരാധന എന്നിവ നിരോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് നിയമം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരെ ക്വാറന്റൈനിൽ വയ്ക്കാനും അവരെ പരിശോധിക്കാനുമുള്ള അധികാരവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യമെന്ന് തോന്നുന്ന കാലത്തോളം അതിർത്തികൾ അടച്ചിടാനും അധികാരമുണ്ട്. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞാൽ രണ്ട് വർഷംവരെ ശിക്ഷയോ പതിനായിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷ.
ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് സർക്കാരിന്റെ മുഖ്യ ചുമതലയെന്നും അതിന്റെ ഭാഗമായാണ് കേരള സാംക്രമിക രോഗങ്ങൾ ബിൽ കൊണ്ടുവന്നതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. 1897ലെ എപിഡമിക് ഡിസീസസ് ആക്ട് മലബാറിന് ബാധകമായിരുന്നില്ല. തുടർന്നാണ് ഏകീകൃത നിയമനിർമാണം കൊണ്ടുവന്നത്.
എന്നാൽ, കേന്ദ്രം ആ നിയമം രാജ്യത്താകമാനം ബാധകമാക്കി. അതിനനുസരിച്ച മാറ്റം സംസ്ഥാനത്തും വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എ എൻ ഷംസീർ, മുഹമ്മദ് മുഹ്സിൻ, കുറുക്കോളി മൊയ്തീൻ, എൻ എ നെല്ലിക്കുന്ന്, പി സി വിഷ്ണുനാഥ്, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കോവിഡ് മരണം:
മറച്ചുവയ്ക്കാൻ ഒന്നുമില്ല
കോവിഡ് മരണസംഖ്യ സംബന്ധിച്ച് സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് മന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു. കോവിഡ് മൂലമുള്ള മരണം നിർണയിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ച പ്രോട്ടോകോളുണ്ട്. ആ മാർഗനിർദേശങ്ങൾ അനുസരിച്ചുമാത്രമേ കോവിഡ് മരണങ്ങൾ നിർണയിക്കാൻ സാധിക്കൂ. ഒരാൾ ആശുപത്രിയിൽവച്ച് മരിച്ചാൽ അയാളെ ചികിത്സിച്ച ഡോക്ടറോ മെഡിക്കൽ ബോർഡോ മരണം കോവിഡ്മൂലമാണെന്ന് സർട്ടിഫൈ ചെയ്യും. സംസ്ഥാനത്ത് കോവിഡ് മരണം സംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തലാണ് നടക്കുന്നത്. മറിച്ചുള്ള പ്രചാരണത്തിൽനിന്ന് പ്രതിപക്ഷം പിന്തിരിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമായി നടക്കുന്നുണ്ട്.
1,98,827 കിടക്ക നമുക്കുണ്ട്. എല്ലായിടത്തും ആവശ്യമായ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ലഭ്യമാണ്. കോവിഡ് രൂക്ഷമായ സാഹചര്യത്തിലും 18,363 ഡോക്ടർമാറുടെ സേവനം ലഭ്യമാക്കിയിരിന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻനയം പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. എന്നാലും സാധിക്കുന്ന രീതിയിൽ വാക്സിൻ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.