ഗ്രൂപ്പ് സിയിൽ നെതർലൻഡ്സാണ് കരുത്തർ. മുൻ ചാമ്പ്യൻമാർക്ക് ഉക്രയ്നും ഓസ്ട്രിയയുമായിരിക്കും വെല്ലുവിളി ഉയർത്തുക. മാസിഡോണിയയാണ് നാലാമത്തെ സംഘം
നെതർലൻഡ്സ്
യോഗ്യതാ ഘട്ടത്തിൽ 6 ജയം, 1 സമനില, 1 തോൽവി. ടോപ് സ്കോറർ: ജോർജിനോ വൈനാൽദം (8 ഗോൾ). മികച്ച പ്രകടനം: ചാമ്പ്യൻമാർ (1988). 2016ലെ യൂറോയിൽ യോഗ്യത നേടിയില്ല. പരിശീലകൻ: ഫ്രാങ്ക് ഡി ബോയെർ. കഴിഞ്ഞ യൂറോയിൽ യോഗ്യത നേടാത്തതിന്റെ നിരാശയുണ്ട് ഡച്ചിന്. ഇക്കുറി ബോയെറിന് കീഴിൽ കുതിക്കാനാകുമെന്ന് പ്രതീക്ഷ. ബാഴ്സലോണയിലേക്ക് ചേക്കേറിയ റൊണാൾഡ് കൂമാന് പകരമായാണ് ബോയെർ എത്തിയത്.പ്രധാന താരെ: മെംഫിസ് ഡിപെ. ഒട്ടേറെ പ്രതിഭാധനരുണ്ടെങ്കിലും ആക്രമണത്തിൽ ഡച്ചിന്റെ ഏക ആശ്രയം ഡിപെയാണ്. ല്യോണിന്റെ ഈ കരുത്തനാണ് യൂറോയിൽ ഡച്ചിനെ നയിക്കുക.
ശ്രദ്ധേയ താരം: ഫ്രെങ്കി ഡി യോങ്. ബാഴ്സലോണ മധ്യനിരയുടെ എഞ്ചിനായ ഡി യോങ് ഡച്ച് പടയ്ക്ക് ഉണർവേകുന്നു. പന്ത് നിയന്ത്രണത്തിലും വിടവുണ്ടാക്കി കുതിക്കാനും മിടുക്കൻ.ആദ്യ മത്സരം: 13ന് ഉക്രയ്നെതിരെ.
ഉക്രയ്ൻ
യോഗ്യതാഘട്ടത്തിൽ 6 ജയം, 2 തോൽവി. ടോപ് സ്കോറർ: റൊമാൻ യാറെംചുക് (4 ഗോൾ) മികച്ച പ്രകടനം: ഗ്രൂപ്പ് ഘട്ടം (2012, 2016). 2016ലെ പ്രകടനം: ഗ്രൂപ്പ് ഘട്ടം.
പരിശീലകൻ: ആൻഡ്രി ഷെവ്ചെങ്കോ. ഉക്രയ്ന്റെ ഏറ്റവും മികച്ച കളിക്കാരനായ ഷെവ്ചെങ്കോ ഇക്കുറി പരിശീലക വേഷത്തിലാണ്. 2003ൽ എസി മിലാനൊപ്പം ചാന്പ്യൻസ് ലീഗ് ജേതാവ്. 2004 ബാലൺ ഡിഓർ. ചാന്പ്യൻസ് ലീഗിൽ 67 ഗോളും.
പ്രധാന താരം: റുസ്ലാൻ മലിനോവ്സ്കി. അറ്റ്ലാന്റയുടെ മിടുക്കനായ മധ്യനിരക്കാരൻ. മലിനോവ്സ്കിയുടെ ഇടങ്കാൽ ഷോട്ടുകൾ എതിരാളികളുടെ വല തകർക്കും.
ശ്രദ്ധേയ താരം: വിക്ടർ സയ്ഗോങ്കോവ്. വലതു പാർശ്വത്തിൽ പ്രതീക്ഷിക്കുന്ന താരം. യർമലങ്കോ, മാർലോസ് എന്നിവരുടെ വെല്ലുവിളിയുണ്ട് ഈ സ്ഥാനത്തിന്. ആദ്യ മത്സരം: 13ന് ഡച്ചിനെതിരെ.
ഓസ്ട്രിയ
യോഗ്യതാ ഘട്ടത്തിൽ 6 ജയം, 1 സമനില, 3 തോൽവി. മികച്ച പ്രകടനം: ഗ്രൂപ്പ് ഘട്ടം (2008, 2016).2016ലെ പ്രകടനം: ഗ്രൂപ്പ് ഘട്ടം. പരിശീലകൻ: ഫ്രാങ്കോ ഫോഡ. പശ്ചിമ ജർമനിക്കായി രണ്ട് തവണ കളിച്ചിട്ടുള്ള ഫോഡ പരിശീലക കുപ്പായത്തിൽ ഏറെക്കാലവും ഓസ്ട്രിയൻ ലീഗിലായിരുന്നു. 2018 ഓസ്ട്രിയയുടെ പരിശീലകനായി.
പ്രധാന താരം: മാർകോ അർണൗടവിച്ച്. ഏത് പ്രതിരോധവും പിളർത്താൻ കഴിവുള്ള താരമാണ് അർണൗടവിച്ച്. ചൈനീസ് ക്ലബ്ബ് ഷാങ്ഹായ് പോർട്ടിന്റെ കളിക്കാരനാണ്.
ശ്രദ്ധേയ താരം: ക്രിസ്റ്റഫ് ബൗമാർട്നെർ. 2020 സെപ്തംബറിലായിരുന്നു ഈ ആക്രമണാത്മ മധ്യനിരക്കാരന്റെ ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം. പരിശീലകന്റെ പ്രിയപ്പെട്ട കളിക്കാരൻ. ആദ്യ മത്സരം: 13ന് മാസിഡോണിയക്കെതിരെ
നോർത്ത്
മാസിഡോണിയ
യോഗ്യതാ ഘട്ടത്തിൽ 4 ജയം, 2 സമനില, 4 തോൽവി.മാസിഡോണിയയുടെ ആദ്യ യൂറോയാണിത്. പരിശീലകൻ: ഇഗർ ആഞ്ചെലോവ്സ്കി. 2015ലാണ് ആഞ്ചെലോവ്സ്കിയെ പരിശീലകനാക്കുന്നത്. പ്രധാന താരം: ഗൊറാൻ പൻഡേവ്. ജെനോവായുടെ മുന്നേറ്റ താരമാണ് പൻഡേവ്. മാസിഡോണിയ ടീം ക്യാപ്റ്റൻ കൂടിയാണ് ഈ മുപ്പത്തേഴുകാരൻ. രാജ്യത്തിന്റെ ടോപ് സ്കോറും പൻഡേവ് തന്നെ.
ശ്രദ്ധേയ താരം: എലിഫ് എൽമസ്. പൻഡേവിന്റെ പിൻഗാമിയായാണ് ഈ ഇരുപത്തൊന്നുകാരനെ വിശേഷിപ്പിക്കുന്നത്. നാപോളിയുടെ കളിയാസൂത്രകനാണ് എൽമസ്.
ആദ്യ മത്സരം: 13ന് ഓസ്ട്രിയക്കെതിരെ.