ജറുസലേം
പ്രധാനമന്ത്രി പദത്തിൽ കടിച്ചുതൂങ്ങാനുള്ള സകല തന്ത്രവും പയറ്റിയെങ്കിലും ഒടുവിൽ നെതന്യാഹു പുറത്തേക്ക്. തുടർച്ചയായ നാല് തെരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഉപജാപങ്ങളിലൂടെ കസേര നിലനിർത്താൻ അദ്ദേഹത്തിനായിരുന്നു. മാർച്ച് 23ന് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനായില്ല. അഴിമതി കേസുകളിൽ അന്വേഷണം നേരിടുമ്പോൾ അധികാരം പോകുന്നത് വിനയാകുമെന്ന് തിരിച്ചറിഞ്ഞ് നടത്തിയ നീക്കമായിരുന്നു ഗാസയിലെ ആക്രമണം. ഇതിനായി ലോക ഇസ്ലാം വിശ്വാസികളുടെ മൂന്നാമത്തെ പ്രധാന ആരാധനാലയമായ അൽ അഖ്സയിൽ അതിക്രമം നടത്തി. സർക്കാർ രൂപീകരണ ചർച്ചകൾ പ്രതിപക്ഷം താൽക്കാലികമായി നിർത്തിയതോടെ തന്ത്രം വിജയിച്ചെന്നായിരുന്നു അനുമാനം.
അഴിമതിയും പക്ഷപാതവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന ‘ബിബി’ക്കെതിരെ മുൻ അനുയായികളടക്കം ഒത്തുചേർന്നതോടെ കളം മാറി. നെതന്യാഹു മന്ത്രിസഭകളിൽ പലതവണ മന്ത്രിയായ നെഫ്താലി ബെന്നെറ്റും പ്രതിപക്ഷവുമായി കൈകോർത്തതോടെയാണ് അന്തിമചിത്രം തെളിഞ്ഞത്.
ഇസ്രയേലിൽ പ്രതിപക്ഷം ഒറ്റക്കെട്ട്
ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് അറുതി. ചരിത്രത്തിലാദ്യമായി എട്ട് പ്രതിപക്ഷ പാർടി ഒന്നുചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് ബുധനാഴ്ച രാത്രി വൈകി പ്രധാന പ്രതിപക്ഷം യെഷ് ആതിദ് പാർടി നേതാവ് യായർ ലാപിഡ് പ്രഖ്യാപിച്ചു. സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം പ്രസിഡന്റ് റ്യൂവെൻ റിവ്ലിനെയും പാർലമെന്റ് സ്പീക്കർ യാരിവ് ലെവിനെയും അറിയിച്ചു.
ആദ്യപാതിയിൽ യാമിന പാർടി നേതാവ് നെഫ്താലി ബെന്നെറ്റും പിന്നീട് ലാപിഡും പ്രധാനമന്ത്രിയാകും. ആദ്യം ലാപിഡും പിന്നീട് ബെന്നെറ്റും വിദേശ വകുപ്പ് കൈകാര്യം ചെയ്യും. നിയമമനുസരിച്ച് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പുതിയ സർക്കാർ ഭൂരിപക്ഷം തെളിയിക്കണം. പാർലമെന്റ് തിങ്കളാഴ്ചമുതൽ യോഗം ചേരും. വോട്ടെടുപ്പിൽ കാലതാമസം ഒഴിവാക്കാൻ നെതന്യാഹുവിന്റെ പാർടിക്കാരനായ സ്പീക്കറെ മാറ്റാൻ പ്രതിപക്ഷം പാർലമെന്റ് സെക്രട്ടറി ജനറലിന് കത്തുനൽകി. യെഷ് ആതിദ് പാർടിയുടെ മിക്കി ലെവിയാണ് സ്പീക്കർ സ്ഥാനാർഥി.
രണ്ടുവർഷത്തിനിടെ നടന്ന നാല് തെരഞ്ഞെടുപ്പിലും ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽനിന്ന് രക്ഷിക്കാൻ ചരിത്രപരമായ നീക്കമാണ് പ്രതിപക്ഷ പാർടികൾ നടത്തിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. സഖ്യത്തിൽ ഇടത്, വലത്, മധ്യ പാർടികൾക്കൊപ്പം അറബ് പാർടിയും ഉണ്ടെന്നതും ശ്രദ്ധേയമാണ്. അപകടകരമായ ‘ഇടത്’ സർക്കാരിനെതിരെ എല്ലാ വലത് അംഗങ്ങളും വോട്ട് ചെയ്യണമെന്ന് നെതന്യാഹു അഭ്യർഥിച്ചു.