ടൊറന്റോ
നിർബന്ധിത ക്രൈസ്തവവൽക്കരണത്തിനായി റസിഡൻഷ്യൽ സ്കൂളുകൾ നടത്തിയ കത്തോലിക്ക സഭയുടെ നടപടിയിൽ ഫ്രാൻസിസ് മാർപാപ്പ മാപ്പ് പറയണമെന്ന് ക്യാനഡയിലെ മന്ത്രിമാർ. തദ്ദേശീയ വിഭാഗങ്ങൾക്കായുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മാർക് മില്ലർ, കരോളിൻ ബെന്നെറ്റ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. 1890മുതൽ 1969വരെ റോമൻ കത്തോലിക്ക സഭ നടത്തിയിരുന്ന ക്യാനഡയിലെ ക്യാംലൂപ്സ് റസിഡൻഷ്യൽ സ്കൂളിൽനിന്ന് നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന് ഇരയായ 215 കുട്ടികളുടെ ശരീരാവശിഷ്ടം അടുത്തിടെ കണ്ടെത്തിയിരുന്നു. കൂടുതൽ റസിഡൻഷ്യൽ സ്കൂളുകളിൽ സമാനമായ കുഴിമാടങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കരോളിൻ ബെന്നെറ്റ് പറഞ്ഞു.
രാജ്യത്ത് പ്രവർത്തിച്ചിരുന്ന 130 റസിഡൻഷ്യൽ സ്കൂളിൽ മുക്കാലും നടത്തിയിരുന്നത് കത്തോലിക്ക സഭയാണ്. കുട്ടികൾ ക്രൂരപീഡനത്തിന് ഇരയായ റസിഡൻഷ്യൽ സ്കൂൾ സംവിധാനത്തെക്കുറിച്ച് വത്തിക്കാൻ മാപ്പ് പറയണമെന്ന് 2017ൽ മാർപാപ്പയെ സന്ദർശിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടിരുന്നു. 2018ൽ ക്യാനഡയിൽ നടന്ന കത്തോലിക്ക മെത്രാന്മാരുടെ സമ്മേളനം ആവശ്യം നിരാകരിച്ചു. വാൻകൂവർ ആർച്ച് ബിഷപ് ബുധനാഴ്ച മാപ്പ് പറഞ്ഞിരുന്നു.