തിരുവനന്തപുരം: ചാരായം വാറ്റ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കഞ്ചാവും എയർ ഗണ്ണും പിടിച്ചെടുത്തു. വാറ്റുകേന്ദ്രത്തിൽനിന്ന് കള്ളനോട്ടും വൻ തോതിൽ കോടയും ചാരായവും എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കേസിലെ പ്രതി ഇർഷാദിന്റെ തിരുവനന്തപുരം പാങ്ങോട്ടെ വീട്ടിലായിരുന്നു പോലീസിന്റെ പരിശോധന.
ഇന്നലെ, തിരുവനന്തപുരം വാമനപുരത്ത് ചാരായം വാറ്റുകേന്ദ്രത്തിൽനിന്ന് 161500 രൂപയുടെ കള്ളനോട്ടും വൻ തോതിൽ കോടയും ചാരായവും എക്സൈസ് പിടികൂടിയിരുന്നു. മടത്തറയിൽ ജെ.സി.ബി. തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിൽ വാടകയ്ക്കെടുത്ത വീട്ടിൽ വാമനപുരം എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
വീടിനു സമീപത്തുണ്ടായിരുന്ന കാറിൽനിന്നാണ് കള്ളനോട്ട് കണ്ടെടുത്തത്. കാറിന്റെ ഗിയർ ലിവറിന്റെ മുൻവശത്തുള്ള രഹസ്യ അറയിലാണ് 500 രൂപയുടെ 323 വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ഈ കള്ളനോട്ട് കേസ് പിന്നീട് നെടുമങ്ങാട് പോലീസിന് കൈമാറിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് നെടുമങ്ങാട് പോലീസ് വാറ്റുകേന്ദ്രം നടത്തിയിരുന്ന ഇർഷാദിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെനിന്നാണ് രണ്ടര കിലോ കഞ്ചാവും എയർ ഗണ്ണും 36,500 രൂപയും കണ്ടെടുത്തത്. വീടിന്റെ ടറസിൽ ഉളിപ്പിച്ച നിലയിലായിരുന്നു ഇത്. ഇയാൾ ഒഴിവിലാണ്. നെടുമങ്ങാട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Content Highlights: Ganja and airgun seized