തൃശൂര്> തെരഞ്ഞെടുപ്പു പ്രചാരത്തിനെന്ന പേരില് കടത്തിയ കുഴല്പണം കവര്ച്ച ചെയ്ത കേസില് അന്വേഷണം കൂടുതല് നേതാക്കളിലേക്ക്. ചില ബിജെപി സ്ഥാനാര്ഥികളെയും നേരത്തെ ചോദ്യം ചെയ്തവരെയും ചോദ്യം ചെയ്തശേഷം ഉന്നതരെയും വിളിപ്പിക്കും. അതേ സമയം ധര്മരാജ് തെരഞ്ഞെടുപ്പു സാമഗ്രികളുമായി എത്തിയതാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാദം തള്ളിയുള്ള പൊലീസ് റിപ്പോര്ട്ട് പുറത്ത് വന്നു. കേസില് ഒരാള് കൂടി അറസ്റ്റിലായി.
കവര്ച്ച ചെയ്യപ്പെട്ട പണം ബിജെപി തെരഞ്ഞെടുപ്പിനിറക്കിയതാണെന്നുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കവര്ച്ചക്കുമുമ്പും ശേഷവുമായി ബിജെപിയുടെ ഉന്നത നേതാക്കള് ധര്മരാജുമായി സംസാരിച്ചതിന്റെ ഫോണ് രേഖകള് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഉന്നത നേതാവ് 22 തവണ വിളിച്ചതായാണ് വിവരം.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, തൃശൂര് ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാര് ഉള്പ്പടെ നിരവധി ബിജെപി നേതാക്കളെ ഇതിനകം പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. ഇവര് നല്കിയ മൊഴികള് പൊലീസിന് ലഭിച്ച ഡിജിറ്റല് രേഖകളുമായി വൈരുദ്ധ്യമുണ്ട്. അതിനാല് വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.
സംസ്ഥാന സഹസംഘടന സെക്രട്ടറിയേയും വിളിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില് പണമിടപാടുള്പ്പടെ പ്രത്യേക ചുമതലയുണ്ടായിരുന്ന സംയോജകരായ ആര്എസ്എസ് നേതാക്കളേയും വിളിപ്പിക്കാന് സാധ്യതയുണ്ട്. ധര്മരാജ് കുഴല്പണം ഇടപാടുകാരനാണെന്നാണ് പൊലീസ് കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലുള്ളത്. ഇതോടെ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണക്കാരനാണെന്ന സുരേന്ദ്രന്റെ വാദം പൊളിഞ്ഞു.
മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ ചൊദ്യംചെയ്തു
തൃശൂര്> കൊടകര കുഴല്പണക്കേസില് ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല് പത്മകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്തു. തൃശൂര് പൊലീസ് ക്ലബ്ലില് വച്ചാണ് ചോദ്യം ചെയ്തതത്. വ്യാഴാഴ്ച രാവിലെ പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യല് രണ്ടുമണിക്കൂര് നീണ്ടു. പണം ആലപ്പുഴയിലേക്ക് കൈമാറാനാണ് നിര്ദേശിച്ചതെന്ന ധര്മരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ സംഘടനാ ചുമതലയുള്ള പത്മകുമാറിനെ വിളിപ്പിച്ചത്.
ധര്മരാജിനെ കണ്ടിട്ടില്ലെന്നും സംഘടനാതലത്തിലുള്ള ബന്ധത്തിന്റെ പേരില് ഫോണില് വിളിച്ചതായും പണമിടപാട് അറിയില്ലെന്നുമാണ് മൊഴി നല്കിയത്. എന്നാല് ഇത് വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷകസംഘത്തിന്റെ വിലയിരുത്തല്.
ഒരാള് കൂടി അറസ്റ്റില്: ഒമ്പതര പവനും അരലക്ഷവും കണ്ടെടുത്തു
തൃശൂര്> കൊടകര കുഴല്പ്പണ കേസില് ഒരാള് കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി കല്ലിങ്ങല് വീട്ടില് സുല്ഫിക്കര് ആണ് അറസ്റ്റിലായത്. പ്രതികളെ സഹായിച്ച പ്രതി രഞ്ജിത്തിന്റെ വീട്ടില് നിന്ന് സ്വര്ണ്ണവും 12ാം പ്രതി ബഷീറിന്റെ രണ്ടാം ഭാര്യയില് നിന്നും പണവും കണ്ടെടുത്തു. ബഷീറിന്റെ സുഹൃത്തും സഹായിയുമാണ് സുല്ഫിക്കര്. കവര്ച്ചയിലും ഗൂഢാലോചനയിലും, കവര്ച്ചാ മുതല് ഒളിപ്പിച്ചതിലും സുല്ഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിന്റെ ഭാര്യയും 20ാം പ്രതിയുമായ ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കവര്ച്ചാ പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവന് സ്വര്ണ്ണം കോടാലിയിലെ വീട്ടില് നിന്നും കണ്ടെടുത്തത്. ബഷീറിനെ ജയിലില് ചോദ്യം ചെയ്തതിലാണ് മലപ്പുറം മമ്പാടുള്ള രണ്ടാം ഭാര്യ ജമീലക്ക് നല്കിയിരുന്ന തുകയില് ഇവരുടെ സുഹൃത്ത് നൗഷാദില് നിന്നും 50,000 രൂപ കണ്ടെടുത്തത്.