തൃശൂർ > ധർമരാജ് തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണക്കാരനാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദം പൊളിച്ച് പൊലീസ് റിപ്പോർട്ട്. കൊടകര കുഴൽപ്പണക്കേസിൽ പരാതിക്കാരനായ ധർമരാജ് ആർഎസ്എസ് പ്രവർത്തകനാണെന്നും ഇയാൾക്ക് കുഴൽപ്പണ ഇടപാടുള്ളതായും റിപ്പോർട്ടിലുണ്ട്. നാടിന്റെ സാമ്പത്തികവ്യവസ്ഥയെ തകർക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പു സാമഗ്രികളുമായാണ് ധർമരാജ് എത്തിയതെന്നും അതിനാൽ മുറിയെടുത്തു നൽകിയെന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറിന്റെ വാദവും പൊലീസ് അന്വേഷണത്തിൽ പൊളിഞ്ഞു.
ധർമരാജിന് കുഴൽപ്പണ ഇടപാടുണ്ട്. ധർമരാജ് ആവശ്യപ്പെട്ട പ്രകാരം കേസിൽ പരാതി നൽകിയ ഷംജീർ പലതവണ പലയാളുകൾക്കും പണം എത്തിച്ചിട്ടുണ്ട്. 14 വർഷത്തോളമായി ഷംജീർ ധർമരാജിനൊപ്പം ഡ്രൈവറായി പ്രവർത്തിക്കുന്നു. ധർമരാജിനും സഹോദരൻ ധനരാജിനും വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് വഴിയാണ് ധർമരാജിന് പണം എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. തൃശൂരിലെത്തുമ്പോൾ ധർമരാജന്റെ പക്കൽ തെരഞ്ഞെടുപ്പ് സാമഗ്രികൾ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. തെരഞ്ഞെടുപ്പ് സാമഗ്രികൾ ധർമരാജൻ വിതരണം ചെയ്തിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഇതോടെ സുരേന്ദ്രന്റെയും കെ കെ അനീഷ്കുമാറിന്റെയും എല്ലാ വാദങ്ങളും പച്ചക്കള്ളമാണെന്ന് തെളിയുകയാണ്.
അന്വേഷണം വഴി തെറ്റിക്കാൻ ധർമരാജ് പരാതിയിൽ നഷ്ടപ്പെട്ട സംഖ്യ 25 ലക്ഷമാക്കി കുറച്ചു കാണിക്കുകയായിരുന്നു. പിന്നീട് അന്വേഷണം സംഘം ചോദ്യം ചെയ്തതിൽ കാറിൽ മൂന്നരക്കോടിയുള്ളതായും സമ്മതിച്ചു. ഇതിനകം ഒരുകോടിയിൽപ്പരം രൂപ കണ്ടെത്തി. ധർമരാജിനെ ചോദ്യം ചെയ്തതിൽ പണം ബിജെപിയുടേതാണെന്ന് അന്വേഷകസംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ധർമരാജിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കളെ അന്വേഷകസംഘം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.