കണ്ണൂർ: തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ബി.ജെ.പി.യുടെ പ്രതിച്ഛായ പൂർണമായും നഷ്ടപ്പെട്ടെന്ന് മുതിർന്ന നേതാവും പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ പറഞ്ഞു.കുഴൽപ്പണ ആരോപണത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മറുപടി പറയണം. സംസ്ഥാനത്തെ ബിജെപിയിൽ നേതൃത്വമാറ്റം വേണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.
35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്നും ലീഗിനെ ക്ഷണിക്കുകയുമൊക്കെ ചെയ്ത നേതൃത്വത്തിന്റെ പ്രസ്താവനകൾ അണികളെ ആശയക്കുഴപ്പത്തിലാക്കി. തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും കിട്ടാത്ത സ്ഥിതിയുമുണ്ടായെന്നും മുകുന്ദൻ വ്യക്തമാക്കി. കണ്ണൂരിൽ മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പോക്ക് എങ്ങോട്ട് എന്ന് ഞാൻ ഇതേക്കുറിച്ച് നേരത്തേ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആദർശത്തോടെ പാർട്ടിയിൽ പ്രവർത്തിച്ച പലരും ഇപ്പോൾ മാറിനിൽക്കുകയാണ്. കെ.സുരേന്ദ്രൻ പ്രസിഡന്റായശേഷം കണ്ണൂരിൽ വന്നപ്പോൾ എന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടില്ല. എന്നെ ബ്ലോക്ക് ആക്കിയിരിക്കാം. ഇപ്പോൾ പാർട്ടിയുടെ അവസ്ഥ ശ്രീധരൻപിള്ളയുടെ കാലത്തേക്ക് പോയിരിക്കുന്നു. താഴേത്തട്ടിൽ ചർച്ച വേണമെന്ന എന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.
ഇപ്പോൾ പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദരേഖ സുരേന്ദ്രന്റേത് തന്നെയാണ്. അതൊരു കെണിയായിരുന്നുവെന്ന് മനസിലാക്കാൻ കഴിയാതെ പോയത് സുരേന്ദ്രന്റെ ജാഗ്രതക്കുറവാണ്. ഇക്കാര്യത്തിൽ സുരേന്ദ്രൻ മറുപടി പറയണം. കുഴൽപ്പണ ഇടപാടിൽ ബിജെപി നേതൃത്വം പറയുന്ന കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ട്.
പണ്ട് ബി.ജെ.പി.യിൽ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യാൻ ഒരു ഫിനാൻസ് കമ്മിറ്റിയുണ്ടായിരുന്നു. ഇപ്പോൾ അതുണ്ടോ. കൊടകര സംഭവം പാർട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി. ഇത് മാറ്റിയെടുക്കണം. പരിവാര സംഘടനകളെയും ഇത് ബാധിച്ചു. പ്രവർത്തകരുടെ വിഷമം മാറ്റിയെടുക്കാൻ നേതൃത്വത്തിന് കഴിയണം -അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതൊരു രോഗമാണ് ഈ രോഗം ബിജെപിയെ ബാധിച്ചുകഴിഞ്ഞു. ഇനി ചികിത്സ വൈകരുത് ഒരു ശസ്ത്രക്രിയ തന്നെ വേണ്ടിവരും എന്നാണ് പാർട്ടിയുടെ അവസ്ഥയെക്കുറിച്ചുള്ള പി.പി.മുകുന്ദന്റെപ്രതികരണം. ഇത്തരത്തിൽ ഇനി സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാർട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ബിജെപിയിൽ നേതൃത്വമാറ്റം അനിവാര്യമാണ്. അതെങ്ങനെ വേണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കണം. ഇല്ലയെങ്കിൽ സംസ്ഥാനത്തെ ബിജെപിയുടെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്ടപ്പെടും .
ഇപ്പോഴുണ്ടായ സംഭവങ്ങൾ ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തിനറിയാം. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. ചില കാര്യങ്ങളിൽ വിശദീകരണങ്ങൾ തേടാനായി തന്നെ കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നു.
ആർഎസ്എസിൽ നിന്നും പാർട്ടിയ്ക്ക് ഉപദേശങ്ങൾ നൽകാനായി ഒരു പ്രഭാരിയെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം കേരളത്തിൽ നിന്നുള്ളയാളല്ല. ഇവിടുത്ത് സാഹചര്യങ്ങൾ അറിയില്ല. ഇപ്പോഴുണ്ടായ വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിക്കുകയാണ്. ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നുവെങ്കിൽ കേരളത്തിലെ പാർട്ടിയ്ക്ക് ഈ സ്ഥിതിയുണ്ടാകുമായിരുന്നില്ല -പി.പി.മുകുന്ദൻവ്യക്തമാക്കി
Content Highlight: PP Mukundan against k surendran