കണ്ണൂർ
സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി കെ ജാനുവിന് ബിജെപി സംസഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയത് 10 ലക്ഷത്തിന്റെ കള്ളപ്പണം. ജാനുവിന്റെ പാർടിയായ ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ കെ സുരേന്ദ്രൻ നേരിട്ടാണ് പണം നൽകിയതെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

മുമ്പ് എൻഡിഎ വിട്ട സി കെ ജാനു ഈ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തിരിച്ചെത്തിയത്. സി കെ ജാനു പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട കാര്യം കെ സുരേന്ദ്രനെ പ്രസീത അറിയിക്കുന്നതും തുക നൽകാമെന്ന് സുരേന്ദ്രൻ സമ്മതിക്കുന്നതുമായ ടെലിഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഈ ഫോൺ സംഭാഷണം സത്യമാണെന്ന് പ്രസീത പിന്നീട് മാധ്യമങ്ങളോട് സമ്മതിച്ചു. സംഭാഷണത്തിലുള്ളത് കെ സുരേന്ദ്രന്റെ ശബ്ദമാണ്.
തെരഞ്ഞെടുപ്പിന്റെ ചെലവെല്ലാം ഡിജിറ്റലായാണ് നടത്തിയതെന്ന് സുരേന്ദ്രൻ മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ, കള്ളപ്പണം നേരിട്ട് സുരേന്ദ്രൻ എത്തിച്ചുവെന്നതിന് ഈ ഫോൺ സംഭാഷണം തെളിവാകുകയാണ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ കാശ് നേരിട്ട് കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രസീതയുമായുള്ള സംഭാഷണത്തിൽ സുരേന്ദ്രൻ പറയുന്നുമുണ്ട്.
കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണജാഥയുടെ സമാപനത്തിനു മുന്നോടിയായി മാർച്ച് ആറിനാണ് തുക ജാനുവിന് കൈമാറിയത്. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ സി കെ ജാനുവും പ്രസംഗിച്ചു. കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം മുറുകുന്നതിനിടെ, സുരേന്ദ്രനെതിരെ ഉയർന്ന പുതിയ തെളിവ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
ചോദിച്ചത് 10 കോടിയും
കേന്ദ്രമന്ത്രി സ്ഥാനവും
എൻഡിഎയുമായി അകന്ന സി കെ ജാനു ജെആർപിയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. കെ സുരേന്ദ്രന്റെ അഭ്യർഥന മാനിച്ചാണ് അവരുമായി സംസാരിച്ച് വീണ്ടും പാർടിയിലേക്ക് കൊണ്ടുവന്നതെന്ന് പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.കോട്ടയത്ത് നടന്ന ചർച്ചയിൽ പത്ത് കോടി രൂപയും അഞ്ചു സീറ്റും കേന്ദ്രമന്ത്രിസ്ഥാനവുമാണ് ജാനു ആവശ്യപ്പെട്ടത്. എന്നാൽ, സുരേന്ദ്രൻ അംഗീകരിച്ചില്ല. ജാനുവുമായി വീണ്ടും സംസാരിച്ചപ്പോൾ, സാമ്പത്തികബാധ്യതയുണ്ടെന്നും 10 ലക്ഷമെങ്കിലും കിട്ടിയേ തീരൂവെന്നും പറഞ്ഞു. ഈ വിവരമാണ് സുരേന്ദ്രനെ ഫോണിലൂടെ അറിയിച്ചത്. മാർച്ച് ആറിന് തിരുവനന്തപുരത്ത് പണം നൽകാമെന്ന് സുരേന്ദ്രൻ പറഞ്ഞു.
അന്ന് രാവിലെ സുരേന്ദ്രൻ തന്നെ വിളിച്ച് സി കെ ജാനു എവിടെയാണ് താമസിക്കുന്നതെന്ന് അന്വേഷിച്ചു. താനാണ് ഹോട്ടലിന്റെ പേരും റൂം നമ്പരും പറഞ്ഞുകൊടുത്തത്. സുരേന്ദ്രൻ കൊടുത്ത പണം സി കെ ജാനു വ്യക്തിപരമായാണ് കൈപ്പറ്റിയതെന്നും പ്രസീത പറഞ്ഞു.