തിരുവനന്തപുരം
കൊടകര കുഴൽപ്പണ കേസിൽപെട്ട് കുഴഞ്ഞുമറിയുന്ന ബിജെപിക്കെതിരെ ചാനലിൽ ചർച്ച ചെയ്താലും കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഭീഷണി. ചൊവ്വാഴ്ച രാത്രി കുഴൽപ്പണ കേസ് വിഷയം ചാനലിൽ ചർച്ച ചെയ്തുകൊണ്ടിരിക്കെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെയാണ് ഇഡിയിലെ ഒരുദ്യോഗസ്ഥൻ സന്ദേശമയച്ച് ഭീഷണിപ്പെടുത്തിയത്.
‘നീ ഓവർ സ്മാർട്ടാകേണ്ട’ എന്നായിരുന്നു സന്ദേശം. ഇക്കാര്യം അവതാരകൻതന്നെ ചർച്ചയ്ക്കിടെ വിളിച്ചു പറഞ്ഞു. ‘കേന്ദ്ര ഏജൻസികൾ എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തുമെന്ന് തനിക്ക് കിട്ടിയ സന്ദേശം വ്യക്തമാക്കുന്നു. സന്ദേശത്തിലൂടെ ചർച്ചയെപ്പോലും ഭീഷണിപ്പെടുത്തി. ആരാണ് ഈ ഭീഷണി സന്ദേശം അയച്ചത് എന്ന് അറിയാം; തൽക്കാലം വെളിപ്പെടുത്തുന്നില്ല’–- അവതാരകൻ പറഞ്ഞു.
കോടിക്കണക്കിനു കുഴൽപ്പണം ബിജെപി നേതാക്കളിലൂടെ ഒഴുകിയിട്ടും കേന്ദ്ര ഏജൻസികൾ തിരിഞ്ഞുനോക്കാത്തതിനെ ചർച്ചയിൽ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻ ഭീഷണി സന്ദേശമയച്ചത്.