പത്തനംതിട്ട
“കാലത്ത് വന്നാ വന്നു, വൈകുന്നേരം പോയാ പോയി…’ – പറയുന്നത് ഓർഡിനറി സിനിമയിലെ ഗവി ബസിന്റെ ഡ്രൈവർ സുകു. ഗവിയിലേക്ക് വർഷങ്ങൾ വളയം പിടിച്ച് തിങ്കളാഴ്ച സർവീസിൽനിന്ന് വിരമിച്ച സി വി വർഗീസ് പറയുന്നതും ഇതുതന്നെ. “പോകുന്ന വഴിക്ക് മണ്ണിടിഞ്ഞ് റോഡിൽ വീണാലും ബസിന് തകരാർ വന്നാലും സഹായമെത്തുന്നതുവരെ കാത്തിരിക്കും. വിചാരിക്കുന്ന സമയത്ത് തിരികെയെത്തുമെന്ന് ഒരുറപ്പുമില്ല’. ഏറെ സാഹസം നിറഞ്ഞതെങ്കിലും ഗവിയിലേക്കുള്ള യാത്ര സന്തോഷിപ്പിച്ചിരുന്നതായി “റിയൽ ലൈഫ് സുകു’ പറയുന്നു. ഇത് ബിജു മേനോൻ സിനിമയിൽ അവതരിപ്പിച്ച കഥാപാത്രം തന്നെയെന്ന് പരിചയപ്പെടുന്നവർക്ക് ഒരു വട്ടമെങ്കിലും തോന്നും. ഏഴ് വർഷം മുമ്പ് ഗവി–-കുമളി ബസിൽ പോയി തുടങ്ങിയെങ്കിലും സ്ഥിരമായി ഗവി ബസിന്റെ “സുകു’വായിട്ട് അഞ്ചുവർഷം.
ഗവിയുടെ ഭംഗി ആസ്വദിക്കാനെത്തിയവരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ഓരോ യാത്രയും പൂർത്തിയാക്കിയത്. കാസർകോട് മുതലിങ്ങോട്ട് എല്ലാ ജില്ലകളിൽനിന്നും കാടുകാണാനെത്തിയവർക്ക് യാത്രയുടെ അനുഭവം പൂർണമായും ലഭിക്കാൻ വർഗീസ് കിണഞ്ഞുശ്രമിച്ചു. മലയണ്ണാനെ കണ്ടാൽപോലും വണ്ടിനിർത്തി ഫോട്ടോയെടുക്കാൻ സൗകര്യമൊരുക്കി. ആനക്കുനേരെ ക്യാമറയുടെ ഫ്ലാഷ് ഉപയോഗിക്കരുതെന്ന് സ്നേഹത്തോടെ പറഞ്ഞു. ഒരിക്കലും ലക്ഷ്യത്തിലെത്താൻ തിരക്കുകൂട്ടിയില്ല. ഡാമുകളുടെ ഭംഗി ഒപ്പിയെടുക്കാൻ സഹായിച്ചു. ഗവിയെ പറ്റി അറിവുള്ള കാര്യങ്ങളെല്ലാം അതിഥികൾക്ക് പകർന്നു. ഇങ്ങനെ വന്നുപോയ എണ്ണിയാൽതീരാത്ത ആളുകളുമായി സൗഹൃദവുമുണ്ട്. “സിനിമ കണ്ടിട്ട് ഗവി കാണാനായി ട്രെയിനും ബസും പിടിച്ച് ദൂരെനിന്ന് വരുന്നവരാണ് പലരും. അവരുടെ യാത്ര സഫലമാക്കുക എന്റെ കടമയായിരുന്നു’ –- വർഗീസ് പറയുന്നു.
എയർഫോഴ്സിൽ 20 വർഷത്തെ സേവനത്തിനുശേഷമാണ് മൈലപ്ര മേക്കൊഴൂർ ചരിവുപറമ്പിൽ വർഗീസ് കെഎസ്ആർടിസിയിൽ എത്തുന്നത്.