മൂവാറ്റുപുഴ
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ബജറ്റിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളടങ്ങിയ നിവേദനം കർഷകസംഘം നേതാക്കൾ ധനമന്ത്രി കെ എൻ ബാലഗോപാലിന് നൽകി. നെല്ലിന്റെയും കശുവണ്ടിയുടെയും കുത്തക സംഭരണം ഫലപ്രദമായി നടക്കുന്നതിന് യഥാസമയം പണം ലഭിക്കാൻ സ്ഥിരമായ സംവിധാനം ഉണ്ടാക്കണം. കഞ്ചിക്കോട് നിർമിക്കുന്ന ആധുനിക അരി മില്ലിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം. ആലപ്പുഴയിലും ആധുനിക അരി മില്ല് സ്ഥാപിക്കണം. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സ്ഥിരം സംവിധാനം വേണം.
കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ ജീവികളുടെ അമിതമായ വംശവർധന തടയാൻ സംവിധാനം ഉണ്ടാക്കുന്നതിന് നിയമം നിർമിക്കണം. കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര ആശ്വാസം ലഭ്യമാക്കണം. എല്ലാ കാർഷിക വിളകളും ഇൻഷൂർ ചെയ്യുന്നതിന് കൃഷിഭവൻവഴി സ്ഥിരം സംവിധാനം ഉണ്ടാകണം. കാപ്പിക്കുരുവിന് തറവില നിശ്ചയിച്ച് സംഭരിക്കണം. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൽപ്പാദിപ്പിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ ഉടൻ സംഭരിച്ച് നഗരങ്ങളിൽ വിൽക്കാൻ സംവിധാനം ഉണ്ടാകണം. ഭക്ഷ്യോൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിന് സഹകരണബാങ്കുകളുടെ ചുമതലയിൽ ശീതീകരിച്ച ഗോഡൗണുകൾ നിർമിക്കാൻ നടപടി ത്വരിതപ്പെടുത്തണം. കോട്ടയം ജില്ലയിലെ റബർ പാർക്ക് എത്രയുംവേഗം യാഥാർഥ്യമാക്കണം. റബറിന്റെ താങ്ങുവില 200 രൂപയാക്കണം. പട്ടയപ്രശ്നത്തിൽ പരിഹാരം കാണാനുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കണം. തെങ്ങിൻതൈകളുടെ ഉൽപ്പാദന ചുമതല ജില്ലകളിലെ കുടുംബശ്രീകളെ ഏൽപ്പിക്കണം.
രണ്ടാംഘട്ട കുട്ടനാട് പാക്കേജ് നടപ്പാക്കണം. ജലസേചന ഡാമുകളിലെ മണൽവാരാൻ പദ്ധതിയുണ്ടാക്കണം. ക്ഷീരകർഷകർക്ക് പ്രത്യേക സബ്സിഡി നൽകുന്നതിനുള്ള തുക ബജറ്റിൽ ഉൾപ്പെടുത്തണം. പൈനാപ്പിൾ കർഷകർക്ക് സാമ്പത്തിക സഹായം നൽകണം. പൈനാപ്പിൾ കൃഷി സംരക്ഷിക്കുന്നതിന് സത്വരനടപടിയും സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങുന്നതാണ് നിവേദനം.
കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കൊലിയക്കോട് എൻ കൃഷ്ണൻനായർ, എം വിജയകുമാർ, ട്രഷറർ ഗോപി കോട്ടമുറിക്കൽ, ജോയിന്റ് സെക്രട്ടറി വി എസ് പത്മകുമാർ എന്നവരാണ് ധനമന്ത്രിയെ കണ്ട് നിവേദനം നൽകിയത്.