കൊല്ലം> കൊവിഡ് പ്രതിരോധത്തില് സര്ക്കാരിന് ശക്തമായ പിന്തുണ നല്കി മഹത്തായ മാതൃക തീര്ക്കുകയാണ് കൊല്ലം ചവറയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനം ദി കേരളാ മിനറല്സ് ആന്റ് മെറ്റല്സ് ലിമിറ്റഡെന്ന് വ്യവസായ മന്ത്രി പി രാജീവ്.കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയ്യാറാക്കിയ ഓക്സിജന് സൗകര്യമുള്ള 604 ബെഡുകള്കൂടി ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറി.
ചവറ ഗവണ്മെന്റ് ഹയര്സെക്കന്ററി സ്കൂള് ഗ്രൗണ്ടില് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് വലിയ കൊവിഡ് ആശുപത്രി ഒരുക്കിയത്. നേരത്തെ ചവറ ഗവണ്മെന്റ് ഹയര്സെക്കന്ററി സ്കൂളില് ഒരുക്കി നല്കിയ 249 ബെഡുകളില് രോഗികളെ പ്രവേശിപ്പിച്ച് പരിചരിക്കുന്നുണ്ട്.
കമ്പനിയിലെ ഓക്സിജന് പ്ലാന്റില് നിന്ന് പൈപ്പ്ലൈന് വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജന് ലഭ്യമാക്കുന്നത്. 700 മീറ്റര് ദൂരമാണ് ഓക്സിജന് പ്ലാന്റും സ്കൂളും തമ്മിലുള്ളത്. ഒരു സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഇത്തരത്തില് ഓക്സിജന് നേരിട്ട് നല്കി കൊവിഡ് രോഗികള്ക്കായി ആശുപത്രി സജ്ജമാക്കുന്നത് രാജ്യത്ത് ആദ്യമാണ്.
853 ബെഡും പ്രവര്ത്തിക്കുന്നതോടെ 10 മുതല് 12 ടണ് വരെ ഓക്സിജന് ആശുപത്രിക്ക് ആവശ്യമായി വരും. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന പ്ലാന്റില് നിന്ന് ഓക്സിജന് മുടക്കമില്ലാതെ ആശുപത്രിയിലെത്തും.
വൈദ്യുതി തടസ്സം വന്ന് അടിയന്തിര സാഹചര്യത്തിലും രോഗികള്ക്ക് മുടങ്ങാതെ ഓക്സിജന് ലഭ്യമാക്കുന്നതിനുള്ള നടപടികള് കെ എം എം എല് സ്വീകരിച്ചിട്ടുണ്ട്.
ഇലക്ട്രിസിറ്റി ഡിപ്പാര്ട്ട്മെന്റും കെഎംഎംഎല്ലിലെ അഗ്നിസുരക്ഷാ ഡിപ്പാര്ട്ട്മെന്റും പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയാണ് കൊവിഡ് ആശുപത്രി ആരേഗ്യവകുപ്പിന് നല്കുന്നത്. സുരക്ഷയുടെ ഭാഗമായി ഫയര് എക്സറ്റിംഗ്യൂഷര് ഉള്പ്പടെ കമ്പനിയില് നിന്ന് ലഭ്യമാക്കിയിട്ടുണ്ട്.
പദ്ധതിയ്ക്കായി ഇതുവരെ 5 കോടിയോളം രൂപയാണ് കെ എം എം എല് ചെലവാക്കിയത്.
മഹാമാരിയെ ചെറുത്ത് തോല്പ്പിക്കുന്ന സര്ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്ക് ശക്തമായ പിന്തുണ നല്കുകയാണ് കെ എം എം എല്- മന്ത്രി പറഞ്ഞു