തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. നാലാം തീയതി (വെള്ളിയാഴ്ച) വൈകീട്ട് 3. 30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
നേരത്തെ സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ 80:20 അനുപാതം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ് അനുവദിക്കുമ്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലിങ്ങൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
Content Highlights:Pinarayi Vijayan calls for all-party meet to discuss Minority scholarship issues