എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ.ജാനു ബിജെപിയോട് 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് അവരുടെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയസഭ ട്രഷറർ പ്രസീത വെളിപ്പെടുത്തിയിരുന്നു. സി.കെ.സുരേന്ദ്രനുമായി നടത്തിയ ചർച്ചയിൽ താൻ ഇടനിലക്കാരിയായെന്നാണ് അവർ പറഞ്ഞത്. സുരേന്ദ്രനുമായി പ്രസീത സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തായിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് സി.കെ.ജാനു.
ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു…
തനിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. വോട്ടുകച്ചവടം, സാമ്പത്തിക്രമക്കേട്, കുഴൽപ്പണം തുടങ്ങി ഒരു മാസമായി തന്നെ തകർക്കുന്നതിനായി ആരോപണങ്ങൾ തുടരെ ഉയർത്തികൊണ്ടിരിക്കുകയാണ്. 45 വർഷത്തോളമായി കേരളത്തിലെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഇതിന് മുമ്പും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തനിക്കെതിരെ ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾക്കെതിരെ നിയമപരമായി നേരിടാനാണ് തീരുമാനം. ഇത് ഉന്നയിക്കുന്നവർ രേഖകളുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കട്ടെ. നിയമപരമായി ഏതറ്റം വരെയും പോകും. ഞങ്ങളുടെ ഇടയിലുള്ള ആളുകളാണെന്ന് കരുതി പ്രശ്നം പരിഹരിക്കുമെന്നാണ് ഇതുവരെ കരുതിയത്. രാഷ്ടീയ പാരമ്പര്യമോ പ്രവർത്തന പാരമ്പര്യമോ അവർക്കില്ല എന്നത് ഇപ്പോഴാണ് തനിക്ക് ബോധ്യമായത്.
പാർട്ടിയുടെ അധികാരസ്ഥാനത്ത് ഇരിക്കാനാണ് ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്നത്. ഞാനുണ്ടെങ്കിൽ അത് പറ്റില്ല. വ്യക്തിഹത്യയും തേജോവധവും നടത്തി എന്നെ ഇല്ലാതാക്കിയാൽ അധികാരത്തിലിരിക്കാമെന്നാണ് അവർ കരുതുന്നത്.എനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ല, ബിജെപി ദേശീയ നേതൃത്വവുമായി ബന്ധമുണ്ട് തനിക്ക്.
ബിജെപിക്കെതിരേയും കൂടിയാണ് ആരോപണം
എനിക്ക് ബിജെപിയുടെ പണത്തിന് ഉറവിടം അറിയില്ല. കുഴൽപ്പണം സംബന്ധിച്ചുള്ള കാര്യവും അറിയില്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണ് എനിക്കറിവുള്ളത്. അത്തരത്തിലുള്ള ഇടപെടൽ നടത്താത്തിനാൽ തന്നെ ഇക്കാര്യമൊന്നും അറിഞ്ഞുകൂടാ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയിൽ നിന്ന് പണം ലഭിച്ചിരുന്നോ…
സ്വാഭാവികമായും എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ അവർ തന്നെയാണ് പ്രചാരണത്തിനുള്ള പണം ചെലവാക്കുന്നതും മറ്റും.
എൻഡിഎയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരക്കിയത് ആരാണ്..
എൻഡിഎയിലേക്ക് തിരിച്ചുവരവിനിടയാക്കിയത് ഈ പറയുന്ന കാര്യങ്ങളൊന്നുമല്ല. എൻഡിഎ വിട്ടു പോയതിന് ശേഷം ബിജെപി നേതാക്കൾ നിരന്തരം വിളിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനടക്കംവീണ്ടും മുന്നണിയിലേക്ക് വിളിച്ചു. കൂടെ ഉണ്ടായിരുന്നപ്പോൾ വേണ്ട വിധത്തിൽ പരിഗണിക്കാൻ സാധിച്ചിട്ടില്ല. ഇനി അതുണ്ടാകില്ല. എല്ലാവർക്കും ഒരുമിച്ച് പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കാമെന്നും വിളിച്ചറിയിച്ചു. ഇതേ തുടർന്നാണ് എൻഡിഎയിലേക്ക് തിരിച്ചുപോയത്.
എന്തെങ്കിലും ഉപാധികൾ വെച്ചിരുന്നോ…
മുന്നണി എന്ന നിലയിൽ ഒരു ഘടകകക്ഷിക്ക് നൽകുന്ന എല്ലാ സ്ഥാനമാനങ്ങളും വേണമെന്ന് അറിയിച്ചിരുന്നു. ഒരു മുന്നണിയിൽ ഉണ്ടാകുന്ന മര്യാദകളുണ്ട്. അത് ചിലപ്പോൾ അധികാരസ്ഥാനങ്ങളാകും അല്ലെങ്കിൽ മറ്റുരീതിയിലുള്ള സഹായങ്ങളും സഹകരണങ്ങളുമാകും. ഏതെങ്കിലും സ്ഥാനങ്ങൾ വേണമെന്ന് പ്രത്യേകമായി പറഞ്ഞിട്ടില്ല. എന്നാൽ അങ്ങനെയുള്ള കാര്യങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. മുന്നണി എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമായി വരും.
ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല. ഇനി അത് നടത്തും. ഏത് സ്ഥാനമാണ് ഞാൻ ചോദിച്ചത് എന്ന് ഇപ്പോൾ പറയാനാവില്ല. ഇവരുമായി സംസാരിച്ച ശേഷം മാത്രമേ അതിനെ കുറിച്ച് പറയാൻ സാധിക്കൂ. പാർട്ടിയിൽ ചർച്ച ചെയ്യും. പാർട്ടിയുടെ അഭിപ്രായത്തിന് ശേഷമേ അത്തരം കാര്യങ്ങൾ നടത്തൂ.
സി.കെ.ജാനുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു..
അതിനൊന്നും അടിസ്ഥാനമില്ല. പാർട്ടിയിലെ രണ്ടു പേർ എന്നെ വ്യക്തിഹത്യ നടത്തുകയാണ്. എന്നെ ഒഴിവാക്കി പാർട്ടിയുടെ അധികാര സ്ഥാനം പിടിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യം.
ഏതെങ്കിലും രീതിയിലുള്ള നടപടികൾ ഉണ്ടാകുമോ…
അച്ചടക്ക നടപടി എടുക്കണമെങ്കിൽ പാർട്ടി യോഗം നടക്കണം. ലോക്ക്ഡൗൺ കാരണം അതിന് സാധിക്കുന്നില്ല. ലോക്ക്ഡൗൺ അവസാനിച്ച ഉടൻ പാർട്ടി യോഗം നടത്തി നടപടികൾ സ്വീകരിക്കും.
സുൽത്താൻ ബത്തേരിയിൽ വോട്ട് ഗണ്യമായി കുറഞ്ഞതിനെ കുറിച്ച് എന്താണ് പറയാനുള്ളത്…
എല്ലാ സ്ഥലത്തും എൻഡിഎക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. കൃത്യമായി മനസ്സിലാക്കാതെ ആർക്കെങ്കിലും എതിനെ എന്തെങ്കിലും പറയനാവില്ല. അത് കൃത്യമായി പഠിച്ച ശേഷമേ പറയാൻ സാധിക്കൂ. വോട്ട് കുറഞ്ഞത് യാഥാർഥ്യമാണ്. അത് ഒളിച്ചുവെക്കാനാവില്ല. എന്തെങ്കിലും പറഞ്ഞാൽ അത് ആരോപണമായി മാറും. വോട്ട് കുറഞ്ഞതിനെ കുറിച്ച് മനസ്സിലാക്കാൻ ഒരു യോഗവും സംവിധാനവും ഉണ്ടായിട്ടില്ല.
ആരോപണം വന്നതിന് ശേഷം ബിജെപി നേതാക്കൾ ബന്ധപ്പെട്ടോ…
ബിജെപി ജില്ലാ നേതാക്കൾ വിളിച്ച് സംസാരിച്ചിട്ടുണ്ട്.