ഉണക്കമീൻ നാറും പത്തിന്റെ നോട്ടിൽ
പൂച്ച ഇളിച്ചു നിൽക്കും പടം.
ലോകം ഇതല്ലെന്ന് തിരിഞ്ഞല്ലോ,
ഇനിയുമിതെങ്കിൽ
തികച്ചും യാദൃശ്ചികം.
-പൂച്ച പൂവിനെ ഉമ്മവച്ചത് കണ്ട്
വെല്ലിപ്പ ചെയ്തത് കണ്ടോ.. വിശ്വസിക്കാനാകാതെ ആകാശം-
വന്നു കയറിയന്ന് പൂച്ച
അടുക്കള കോലായി മുറിയൊക്കയും കണ്ട്
മുറ്റത്ത് വന്ന് കിടന്നു.
പൂച്ചെടികളിലേക്ക് കണ്ണിടുകയോ
മണക്കാനോ ചെന്നില്ല.
പകരം കിടന്നിടത്തുരുണ്ട്
കറുകപ്പുല്ലൊന്നെടുത്തു കൊറിച്ച് തിന്നവേ
മുറ്റത്തിരുന്ന സുറുമയിട്ട വെല്ലിപ്പ
ഓനിവരെയൊക്കെ പുല്ല് തിന്നാൻ പഠിപ്പിച്ചെന്ന്
പടച്ചോനെ സ്തുതിച്ചു.
പൂച്ച പൂവിനെ നോക്കാതിരുന്നതും
പുല്ല് തിന്നുന്നതും വെല്ലിപ്പ കണ്ടതാണ്.
പൂവിവിടുത്തെ കൊടുപ്പി, ചീത്ത പെണ്ണ്.
പകൽ രാത്രികൾ ചുമന്നു പോകും
തുമ്പികളെ ശലഭങ്ങളെ
ആരെയും കിട്ടാതെയാകുമ്പോളുറുമ്പുകളെയെങ്കിലും
മുറിയിൽ കയറ്റി തേൻ കുടിപ്പിക്കുന്നോൾ.
എന്നിട്ട് പൂവെന്ന് പേരും.
പൂച്ചയെ കണ്ട ആദ്യനോട്ടത്തിലേ പൂവ്
കണ്ണെടുക്കാതെ നോക്കിക്കിടന്നത്
സുറുമയിട്ട വെല്ലിപ്പ കണ്ടതാണ്
ചൊല്ലിക്കൊണ്ടിരിക്കും ദിക്കർ
നൂറിലേക്ക് വിരൽ മറിയുന്നതിനിടക്ക്.
പെരും കോഴിയാണീ ആകാശം.
കാണുന്ന പടങ്ങളിലെയെല്ലാനടികളെയും
പ്രേമിച്ചുകളയും പോലൊരുത്തൻ.
മതിലിലുറങ്ങും പൂച്ചയെ കണ്ട
ആകാശത്തിൻ കോഴിത്തരമിളകി,
കണ്ണ് തെറ്റാതെ നോക്കിക്കിടന്നു.
മേഘം വിരിച്ചു തണല് കൊടുത്തു
മതിലിനെ വിളിച്ചു തണുപ്പ് കൊടുത്തു.
ഉണർന്നെണീറ്റ പൂച്ചക്കണ്ണുകളാദ്യമകാശത്തെ
കാണവേ
പൊലിവ് കയറിയറിയാതെ പെയ്തു.
അവനെന്റെതെന്ന് തെളിഞ്ഞു നിന്നു.
പൂച്ച മതിലിലേക്ക് മാറിക്കിടന്നതും
ചെറുങ്ങനെ മഴ ചാറിയതും മാത്രമേ
സുറുമയിട്ട വെല്ലിപ്പ കണ്ടൊള്ളു.
കല്ലുരുട്ടിക്കളിക്കുന്നതിന്നിടക്കാണാദ്യമായ്
പൂച്ച പൂവിനെ കണ്ടത്.
വെള്ളിക്കണ്ണന്റെ നോട്ടം കണ്ട്
പൂവ് ചിരിച്ചു.
ചെരുപ്പിലേക്ക് കയറിപ്പിടിച്ചിരിക്കുമൊരു
പുൽപോത്തിനെ
വട്ടം കറക്കിക്കളിക്കും പൂച്ചയെ പിന്നെ
പൂവ് ഇടക്കിടെ ശ്.. ശ്.. ന്ന് വിളിച്ചു.
പൂച്ച കുഞ്ഞായതിനാൽ
പൂവിന്റെ വിളി
കിട്ടാതെ നിന്നു.
-പൂവ് ഉമ്മ കൊള്ളുന്നു-
അടുക്കളയിൽ
ഏത്തപ്പഴപ്പൊരിക്കും പഴംപൊരിക്കും
മാവ് കുഴയുന്ന കറക്കത്തിനിടക്കാണ്
മുറ്റത്തിറങ്ങി പൂച്ച പൂവിനെ ഉമ്മവച്ചത്.
“ഉണക്ക വിത്തിൽ മഴ ചേർത്തൊരു കടലുണ്ടാക്കി
നിന്നെയതിലുണ്ടാക്കി
നിങ്ങളിൽ പ്രണയമുണ്ടാക്കി” എന്ന് സൂക്തമോതി കൺതുറക്കും വെല്ലിപ്പ
ഉമ്മവെക്കൽ സീൻ കൃത്യമായി കണ്ടു.
ഉന്നം തെറ്റാതെ ഞെട്ടിയെണീറ്റൊരു കല്ലെടുത്തെറിഞ്ഞു,
പൂവിന്റെ ഇതളുകൾ കൊഴിഞ്ഞു.
പൂച്ചയെ വാരിപ്പിടിച്ചൊക്കത്ത് കയറ്റി
പൂവിനെ പ്രാകി
വെല്ലിപ്പ വീട്ടിലേക്ക് കയറിപ്പോന്നു.
പൂവ് ചീത്ത പെണ്ണ്, കൊടുപ്പി.
കൊഴിഞ്ഞ ഇതളുകൾ ഉരിഞ്ഞ സാരിപോൽ
വാരിയെടുത്തു കരയും പൂവിനെ
ആകാശം നോക്കി നിന്നു.
ഇല്ലാതായിപ്പോയ പ്രണയത്തിൽ
മരിച്ചു പോയ വെല്ലിമ്മ കരയും പോലെ
ആകാശം കരഞ്ഞു.
ഇടിഞ്ഞിടിഞ്ഞു പെയ്തു.
പറഞ്ഞെല്ലോ ലോകമിതല്ല,
ഇനിയുമിതെങ്കിൽ
ഒന്നുമുണ്ടായില്ല.
ഞങ്ങളുടെ പൂച്ച
ഞങ്ങളുടെ പൂവിനെ ഉമ്മവച്ചു.
വെല്ലിപ്പ കല്ലെടുത്തെറിഞ്ഞു
ആകാശം കരഞ്ഞു.
അത്രമാത്രം.
പൊക്കോളൂ.
The post പൂച്ച പൂവിനെ ഉമ്മവച്ചത് കണ്ട് വെല്ലിപ്പ ചെയ്തത് കണ്ടോ… വിശ്വസിക്കാനാകാതെ ആകാശം appeared first on Indian Express Malayalam.