തിരുവനന്തപുരം: ഔദ്യോഗിക വസതി 23 ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്കായി അനുവദിച്ചത്. ഇത് മോടി പിടിപ്പിക്കാൻ 23 ലക്ഷത്തിന്റെ ടെൻഡറാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയത്. ഇതാണ് മന്ത്രി നിരസിച്ചത്. ലക്ഷങ്ങൾ മുടക്കിയുള്ള മോടി പിടിപ്പിക്കൽ വേണ്ട അത്യാവശ്യം ജോലികൾ മാത്രം തീർത്താൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം.
കഴിഞ്ഞ മന്ത്രിസഭയിലെ സി.പി.ഐയുടെ തന്നെ പ്രതിനിധിയായ വി.എസ് സുനിൽ കുമാറും ഇവിടെയാണ് താമസിച്ചിരുന്നത്. ഇതിന്റെ മോടി കൂട്ടാനാണ് ടൂറിസം വകുപ്പ് 23 ലക്ഷത്തിനാണ് ടെൻഡർ തയാറാക്കിയത്. പൊതുമരാമത്ത് ബിൽഡിംങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. എന്നാൽ ഇത്രയും തുക ചെലവഴിക്കേണ്ട എന്ന നിലപാടിലാണ് മന്ത്രി. മുമ്പ് ഉപയോഗിച്ചിരുന്ന വിരിപ്പുകൾ മാറ്റുക, ഇലക്ട്രിക്കൽ അറ്റകുറ്റപ്പണികൾ തീർക്കുക, പ്ലംബിങ് വർക്കുകൾ എന്നിവയുൾപ്പെടെ 15,000 രൂപയിൽ ഒതുങ്ങുന്ന പണികൾ മതിയെന്നാണ് മന്ത്രിയുടെ നിർദേശം.
സർക്കാരുകൾ മാറി മാറി വരുമ്പോൾ ആവർത്തിക്കപ്പെടുന്ന ഒന്നാണ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ മോടി പിടിപ്പിക്കൽ. ഇതിനായി ഓരോ അഞ്ച് വർഷം കൂടുമ്പോഴും ലക്ഷങ്ങളാണ് സർക്കാർ ചെലവഴിക്കുന്നത്. എന്നാൽ അത് നിരസിച്ചുകൊണ്ടാണ് മന്ത്രി കെ.രാജൻ വ്യത്യസ്തനാകുന്നത്. നിലവിൽ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണി തീരാത്ത സാഹചര്യത്തിൽ മന്ത്രി ഇപ്പോഴും എംഎൽഎ ഹോസ്റ്റലിലാണ് താമസിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, ഗൺമാൻ, വനിതാ ജീവനക്കാർ, വീട്ടുജോലിക്കാർ, അറ്റൻഡന്റ് എന്നിവർക്കുള്ള വിശ്രമമുറികൾ നവീകരിക്കാൻ പൊതുമരാമത്തു വകുപ്പ് 98 ലക്ഷം അനുവദിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അറ്റകുറ്റപ്പണികൾ അടക്കമുള്ള നിർമാണജോലികൾ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗമാണ് നിർവഹിക്കുക. മറ്റു മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കുള്ള എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: Minister K Rajan rejects beautification works of official residence worth Rs 23 lakh