തിരുവനന്തപുരം> ദേശീയ തലത്തില് 22 കൊവിഡ് കേസുകളില് ഒന്നും മാത്രം രേഖയിലുള്ളപ്പോള് കേരളത്തില് മൂന്നിലൊന്നും രേഖപ്പെടുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വാക്സിൻ വിതരണം ശാസ്ത്രീയമായാണ് നടപ്പാക്കുന്നത്. രണ്ടാം തരംഗത്തിന് മുൻപ് തന്നെ മെഡിക്കൽ കപ്പാസിറ്റി കൂട്ടാൻ കേരളം ശ്രമിച്ചു.
കോവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും ഇതാണോ പ്രതിരോധത്തിനുള്ള പിന്തുണയെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു വീണാ ജോർജ്.
മരണങ്ങളുടെ എണ്ണം കുറക്കുന്നു എന്നത് വാസ്തവ വിരുദ്ധമാണെന്നും വീണ ജോർജ്ജ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ മരണം 70 നും 80 നും പ്രായം ഉള്ളവരിലാണ്. കോവിഡ് കാലത്ത് സർക്കാർ ജനത്തെ ചേർത്ത് പിടിച്ചു നിർത്തി. ഒരാൾ പോലും പട്ടിണി കിടന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡോ. എം കെ മുനീറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ആരോഗ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര് അനുമതി നിഷേധിച്ചു.