തിരുവനന്തപുരം > ഗുജറാത്ത് മോഡല് കാവിവല്ക്കരണ നീക്കമാണ് ലക്ഷദ്വീപില് നടക്കുന്നതെന്ന് രാജ്യസഭയിലെ സിപിഐ എം കക്ഷിനേതാവ് എളമരം കരീം എംപി പറഞ്ഞു. ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സര്ക്കാര് ഉടന് പിന്വലിക്കുക എന്നീ ആവശ്യങ്ങളുയര്ത്തി കേരളത്തിലെ എല്ഡിഎഫ് എംപിമാര് രാജ്ഭവനു മുന്നില് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്മിനിസ്ട്രേറ്റര് മാത്രം എടുക്കുന്ന തീരുമാനമല്ല, കേന്ദ്ര ഭരണ നേതൃത്വം ആലോചിച്ചുറപ്പിച്ച കാര്യങ്ങളാണ് ലക്ഷദ്വീപില് നടപ്പാക്കുന്നത്. ഇതിനായാണ് രാഷ്ട്രീയ നേതാവിനെ ആദ്യമായി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററാക്കിയത്. ആര്എസ്എസ്– ബിജെപി പ്രവര്ത്തകനും മോഡിയുടെയും ഷായുടെയും വിശ്വസ്തനുമായ അഡ്മിനിസ്ട്രേറ്റര് ജനാധിപത്യ വ്യവസ്ഥയെ പുച്ഛിക്കുകയാണ്. കൂടിയാലോചനയോ പഠനമോ ഇല്ലാതെ നിബന്ധനകള് അടിച്ചേല്പ്പിക്കുന്നു. ദ്വീപ് ജനതയെ മുള്മുനയില് നിര്ത്തുന്ന തീരുമാനങ്ങളാണുണ്ടാകുന്നത്. ജനവാസമുള്ള ദ്വീപുകളെ ഉള്പ്പെടെ കോര്പറേറ്റുകളെ ഏല്പ്പിക്കാനാണ് നീക്കം. ദേശീയ ബോധത്തോടൊപ്പം നില്ക്കുന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ഉജ്വല പങ്കുവഹിച്ച ജനതയെ സ്വന്തം നാട്ടില്നിന്ന് ആട്ടിയോടിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ പോയാല് റൊഹിംഗ്യന് അഭയാര്ഥികളെപോലെ ലക്ഷദ്വീപ് ജനത അലയേണ്ടിവരും. ഒരു കാരണവശാലും ഇതനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി ഉജ്വലമായ പ്രക്ഷോഭങ്ങള്ക്ക് നാട് സാക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് വിശ്വം എംപി അധ്യക്ഷനായി. എംപിമാരായ എം വി ശ്രേയാംസ് കുമാര്, തോമസ് ചാഴികാടന്, എ എം ആരിഫ്, വി ശിവദാസന്, ജോണ് ബ്രിട്ടാസ് എന്നിവര് സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് സമരമിരുന്ന എംപിമാരെ ഷോള് അണിയിച്ചു.