മറയൂർ (ഇടുക്കി): മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്ത പോലീസുദ്യോഗസ്ഥരെ യുവാവ് കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേല്പിച്ചു. മറയൂർ സി.ഐ. ജി.എസ്.രതീഷ് (40), സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ (38) എന്നിവർക്കാണ് ഗുരുതരപരിക്കേറ്റത്. ഇവരെ ആക്രമിച്ച കാന്തല്ലൂർ കോവിൽക്കടവ് സ്വദേശി സുലൈമാനെ (26) പോലീസ് അറസ്റ്റുചെയ്തു.
കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ടൗണിൽ ചൊവ്വാഴ്ച രാവിലെ 10.10-നായിരുന്നു സംഭവം. കുഴഞ്ഞുവീണ രണ്ടുപേരെയും നാട്ടുകാരുടെ സഹായത്തോടെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
അജീഷ് പോളിന്റെ തലയോട്ടി പൊട്ടി. മൂന്ന് ശസ്ത്രക്രിയ നടത്തി. ഇൻസ്പെക്ടറും നിരീക്ഷണത്തിലാണ്.
രാവിലെ പട്രോളിങ്ങിനിടയിൽ സി.ഐ.യും രണ്ട് പോലീസുദ്യോഗസ്ഥരും കോവിൽക്കടവ് ടൗണിൽ എത്തിയതായിരുന്നു. ഒരു യുവാവ് മാസ്ക് ധരിക്കാതെ നിൽക്കുന്നതുകണ്ട ഇൻസ്പെക്ടർ പോലീസ് വാഹനം നിർത്തി ചോദ്യംചെയ്തു. പ്രകോപിതനായ യുവാവ് ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞു. അജീഷ് പോളും ഡ്രൈവർ സജുസണ്ണും വാഹനത്തിൽനിന്നിറങ്ങിയപ്പോൾ ഇയാൾ സമീപത്തുകിടന്നിരുന്ന വലിയ കല്ലെടുത്ത് അജീഷ് പോളിന്റെ തലയിലിട്ടു. അജീഷ് പോൾ കുഴഞ്ഞുവീണു.
രതീഷ് ചാടിയിറങ്ങി സുലൈമാനെ പിടിക്കവേ രണ്ടുപേരും താഴെ വീണു. ഈസമയത്ത് ഇയാൾ ഒരു കല്ലെടുത്ത് രതീഷിന്റെ തലയ്ക്കിടിച്ചു. നാട്ടുകാർ പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈസമയംകൊണ്ട് പ്രതി ഓടിരക്ഷപ്പെട്ടു.
പിന്നീട് മറയൂർ ടൗണിൽനിന്ന് പ്രതിയെ പോലീസ്സംഘം പിടികൂടി. വധശ്രമത്തിനും ഔദ്യോഗികകൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. തിങ്കളാഴ്ച രാത്രി, പ്രതി വീട്ടിൽ അമ്മയോട് വഴക്കുണ്ടാക്കിയിരുന്നു. ഇവിടെയെത്തിയ പോലീസ്സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സഹോദരങ്ങൾ തടഞ്ഞു. ദേവികുളം സി.ഐ. വിനോദ്കുമാർ ബി., മറയൂർ എസ്.ഐ. എബി എം.പി., എസ്.ഐ. അജിത്ത് കുമാർ സി.സി., ബെന്നി കെ.പി., ഷിജി കെ.പോൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി പീരുമേട് സബ്ജയിലിൽ റിമാൻഡുചെയ്തു.
Content Highlight; Man attacks police officers














